കൽപ്പറ്റ: മേപ്പാടിൽ കാട്ടാനയുടെ ആക്രമണത്തിൽ 58കാരന് ദാരുണാന്ത്യം. മേപ്പാടി എളമ്പലേരിയിലാണ് സംഭവം. ചോലമല സ്വദേശി കുഞ്ഞവറാൻ എന്ന 58കാരനാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുമ്പോൾ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിട്ടുണ്ട്.

നാട്ടുകാർക്കു കൃത്യമായ സുരക്ഷ ഒരുക്കാൻ നടപടിയുണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണു ജനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വനം വകുപ്പ് ഉ?ദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. എളമ്പലേരിയിലെ ട്രാൻസ്ഫോർമറിന് സമീപത്ത് വച്ചായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. കുറേ നാളുകളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം സ്ഥിരമായിരുന്നു. ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ പോലും നാട്ടുകാർ ഭയപ്പെടുന്ന സാഹചര്യമാണ് സ്ഥലത്തുള്ളത്.

ജില്ലയിൽ മൂന്ന് മാസത്തിനുള്ളിലെ മൂന്നാമത്തെ കാട്ടാന ആക്രമണത്തിലെ മരണമാണ് ഇത്. സെപ്റ്റംബർ , ഒക്ടോബർ, നവംബർ മാസത്തിലെ മൂന്നാമത്തെ കാട്ടാന ആക്രമണത്തിലെ മരണമാണ് ഇത്. ഒക്ടോബർ മൂന്നിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സെപ്റ്റംബർ 12ന് വെള്ളമുണ്ട പുളിഞ്ഞാലിൽ ചിറപ്പുല്ല് മലയിലെ വനംവകുപ്പ് വാച്ചർ തങ്കച്ചൻ മരിച്ചിരുന്നു.