കാട്ടാക്കട:മരുന്ന് കൊടുക്കുന്നതിനിടെയുള്ള കുട്ടിയാനയുടെ വികൃതിയിൽ പാപ്പാന് വിരൽ നഷ്ടമായി.കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലാണ് കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ ഒരു വിരൽ അറ്റുപോയത്.കുട്ടിയാനയായ ആരണ്യയെ ശ്രുശ്രൂഷിക്കുന്നതിനിടയിൽ ശബ്ദം കേട്ട് ഞെട്ടിയ ആന പാപ്പാൻ പുഷ്‌കരൻ പിള്ളയുടെ വിരലുകളിൽ കടിക്കുകയായിരുന്നു.ആനയുടെ കടിയേറ്റ് ഇയാളുടെ മറ്റൊരു വിരലിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.രണ്ടു മാസം മുൻപ് തള്ളയാന ചരിഞ്ഞതിനെത്തുടർന്നു കോട്ടൂർ വനത്തിൽ നിന്ന് ആന പരിപാലന കേന്ദ്രത്തിലെത്തിച്ച കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് പാപ്പാനു കടിയേറ്റത്.കൂടിനു സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാർട്ട് ചെയ്തതോടെ കുട്ടിയാന കയ്യിൽ കടിക്കുകയായിരുന്നു എന്ന് പുഷ്‌കരൻ പിള്ള പറഞ്ഞു.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു വിരൽ തുന്നിച്ചേർക്കാൻ കഴിയാത്ത വിധം ചതഞ്ഞു വേർപെട്ട നിലയിലായിരുന്നു.

മരുന്ന് നൽകാനും മറ്റുമായി പരിപാലന കേന്ദ്രത്തിൽ ഡോക്ടർക്ക് പുറമേ 2 അസിസ്റ്റന്റുമാരുണ്ടെങ്കിലും ഇവരാരും ഇക്കാര്യങ്ങളൊന്നും തിരിഞ്ഞ് നോക്കാറില്ല.ആനകൾക്ക് നൽകാനുള്ള മരുന്ന പാപ്പാന്മാരെ ഏൽപിച്ച് പോകുകയാണ് ചെയ്യുന്നത്.പരുക്കേറ്റ കുട്ടിയാനയ്ക്ക് യഥാസമയം ചികിത്സ നൽകാത്തതും മരുന്ന് വാങ്ങുന്നതിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതും നേരത്തേ വിവാദമായിരുന്നു.