ഹരിപ്പാട്: പാപ്പാനെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് മാസങ്ങളായി ചങ്ങലയിൽ ബന്ധിതനായിരുന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്കന്ദനെ ഒടുവിൽ ആനത്തറിയിലേക്ക് മാറ്റി. അക്രമാസക്തനായതിനാൽ ആനയെ പരിചരിക്കാൻ ദേവസ്വം ബോർഡിലെ പാപ്പാന്മാർ ഭയന്നതോടെ സ്കന്ദന്റെ സംരക്ഷണം ആശങ്കയിലായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 30-നാണ് സ്കന്ദൻ ഇടഞ്ഞ് പാപ്പാനായിരുന്ന പന്തളം സ്വദേശി മുരളിയെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു പാപ്പാന് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത്. ഈ സംഭവത്തിനുശേഷം ക്ഷേത്രപരിസരത്ത് മയക്കുവെടി വെച്ച് തളച്ച സ്കന്ദനെ പിന്നീട് ചങ്ങലയിൽ ബന്ധിതനാക്കുകയായിരുന്നു. ഇനിയും ആളുകളെ അപായപ്പെടുത്തുമോ എന്ന ഭയം നിലനിന്നതിനാൽ പാപ്പാന്മാരാരും ആനയുടെ അടുത്തേക്ക് വരാൻ തയ്യാറായില്ല.

തുടർന്ന് ദേവസ്വം ബോർഡ് നിയോഗിച്ച പുതിയ പാപ്പാൻ ജിതിനും സഹായികളായ മനീഷ്, അനീഷ് എന്നിവരും ചേർന്നാണ് സ്കന്ദനെ ആനത്തറിയിലേക്ക് മാറ്റുന്ന ദൗത്യം ഏറ്റെടുത്തത്. നിലവിൽ ആനത്തറിയിലെത്തിയ സ്കന്ദൻ ശാന്തനാണെന്നും വെയിലേൽക്കാതെ വിശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ദേവസ്വം വെറ്ററിനറി ഡോക്ടർമാർ കഴിഞ്ഞ ദിവസം ആനയെ വിശദമായി പരിശോധിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ആനയ്ക്ക് നീരൊഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ കുറഞ്ഞത് ആറു മാസത്തോളം സ്കന്ദന് ആനത്തറിയിൽ വിശ്രമം ആവശ്യമായി വരും. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ രണ്ട് പാപ്പാന്മാരെയും ഒരു നാട്ടുകാരനെയും സ്കന്ദൻ കൊലപ്പെടുത്തിയിട്ടുണ്ട്.