- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം മുടങ്ങിയിട്ട് 9 മാസം; ഡ്രൈവിങ് ലൈസൻസ്, ആർ.സി അച്ചടി കേന്ദ്രത്തിലെ ജീവനക്കാർ പ്രതിസന്ധിയിൽ; കോടികൾ കുടിശ്ശികയായതോടെ അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലകമായി നിർത്തി; ശമ്പളം വൈകുന്നത് സർക്കാർ ഫണ്ട് ലഭിക്കാത്തതിനാലെന്ന് നടത്തിപ്പുകാർ
കൊച്ചി: മാസങ്ങളായി ശമ്പളം മുടങ്ങിയെന്ന പരാതിയുമായി ഡ്രൈവിങ് ലൈസൻസ്, ആർ.സി അച്ചടി കേന്ദ്രത്തിലെ ജീവനക്കാർ രംഗത്ത്. 6 മാസമായി ശമ്പളം മുടങ്ങിയതായാണ് അസിസ്റ്റന്റ് ലേബർ ഓഫിസർക്ക് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. മെയിൽ കോൺട്രാക്ട് കഴിയുന്ന ജീവനക്കാരുടെ ശമ്പളവും, ഇൻസെന്റീവുമാണ് മുടങ്ങിയത്. 11ഓളം ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ്, ആർ സി ബുക്ക് ഉൾപ്പെടെ പ്രിന്റ് ചെയ്യുന്നതും വിതരണം നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഐ.ടി.ഐ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ് അച്ചടി കരാർ നൽകിയിരിക്കുന്നത്.
സർക്കാർ ഫണ്ട് ലഭിച്ചിട്ടില്ലെന്ന വാദം ഉയർത്തിയാണ് ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസും രജിസ്‌ട്രേഷൻ രേഖകളും (ആർ.സി.) ഡിജിറ്റലായി മാറാൻ ഒരുങ്ങുകയാണ്. വാഹന ഉടമകളെ വലച്ച സങ്കീർണമായ നടപടികൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് സർക്കാർ വാദം. 10 കോടി രൂപയോളം കുടിശ്ശിക നിലനിൽക്കെയാണ് രേഖകൾ ഡിജിറ്റലായി മാറ്റാൻ തീരുമാനമായത്. ശമ്പളം മുടങ്ങിയത് കാരണം കരാർ കഴിയുന്നതിന് മുന്നേ നിരവധി ജീവനക്കാർ ജോലിയിൽ നിന്നും രാജിവെച്ചിരുന്നു. ഇവരുടെ തുകയും ഇനിയും നൽകിയിട്ടില്ല.
10 ലക്ഷത്തോളം ഡ്രൈവിങ് ലൈസൻസും, 6 ലക്ഷത്തോളം ആർസി ബുക്കും ഡിജിറ്റൽ ആക്കുന്നതിന് മുന്നേ പ്രിന്റ് ചെയ്തിരുന്നു. 10 കോടി രൂപയോളം കുടിശ്ശികയുണ്ട്. ഇതു നൽകാത്തതിനാൽ അച്ചടി പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാർഡ് വിതരണം പൂർണമായി ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാൻ സർക്കാർ തീരുമാനിച്ചത്. കാക്കനാട്ടുള്ള അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം തത്കാലമായി നിർത്തിവെച്ചിട്ടുണ്ട്. അച്ചടിക്കരാർ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിനു പ്രതിഫലം നൽകാത്തതിനെത്തുടർന്നാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്. അച്ചടി തടസ്സപ്പെട്ടതിനാൽ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇതോടൊപ്പം ഡിജിറ്റലായി നൽകും.
കാർഡിനുള്ള തുക ഈടാക്കിയിട്ടുള്ളതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. അതേസമയം, രേഖകൾ ഡിജിറ്റൽ ആക്കിയതിന് ശേഷവും ഉന്നത തലത്തിൽ ഉള്ളവരുടെ സമ്മർദ്ദത്തിൽ ആർ.സി പ്രിന്റ് ചെയ്ത് നല്കിയിരുന്നതായാണ് ജീവനക്കാർ ആരോപിക്കുന്നത്. ഇത് സ്ഥാപനത്തിലെ ജീവനക്കാർ കാക്കനാട് സിവിൽ സ്റ്റേഷനിലെ ആർടിഒ ഓഫിസിൽ നേരിട്ട് കൊണ്ട് നൽകാറുണ്ടായിരുന്നെന്നുമാണ് ജീവനക്കാർ പറയുന്നത്. എന്നാൽ വാഹനം വിൽക്കുന്നതുമായോ മറ്റ് ആവശ്യങ്ങളുമായോ ബന്ധപ്പെട്ട് വാഹന രജിസ്‌ട്രേഷൻ രേഖകൾ ആവശ്യപ്പെട്ട് സാധാരാണക്കാർ എത്തിയാൽ ഇവ നൽകിയിരുന്നില്ലെന്നും ആരോപണമുണ്ട്.