കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ മൂന്ന് വയസുകാരന്‍ കളിക്കുന്നതിനിടെ വിഴുങ്ങിയ നട്ട് പുറത്തെടുത്തു. എറണാകുളം ലക്ഷ്മി ആശുപത്രിയിലെ ചികിത്സയിലൂടെയാണ് നട്ട് പുറത്തെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് ഐസം ആണ് നട്ട് വിഴുങ്ങിയത്. പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ എക്സ്റേ പരിശോധനയില്‍ നട്ട് കുഞ്ഞിന്റെ വയറ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തി.

നട്ട് പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ വ്യാഴാഴ്ച രാത്രി കുട്ടിയെ ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലക്ഷ്മി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജോണി സിറിയക്കിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എന്‍ഡോസ്‌കോപ്പി ചികിത്സയിലൂടെ നട്ട് പുറത്തെടുത്തത്. കുട്ടി സുഖം പ്രാപിച്ചതായും അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.