കൊച്ചി: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. സെപ്റ്റംബര്‍ 8 വരെ 347 കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 144 എണ്ണം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതേ കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ 1930 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, ഇതില്‍ 657 എണ്ണവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ മാത്രം ജില്ലയില്‍ 11 ദിവസത്തിനിടെ ആറു പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. എറണാകുളം ജില്ലയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് 19 വയസ്സുള്ള പെണ്‍കുട്ടി ഡെങ്കി ബാധിച്ച് മരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നലെ മാത്രം 147 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇതില്‍ 101 എണ്ണം ഡെങ്കിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ സെപ്റ്റംബര്‍ 8ന് 19 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ അഞ്ചെണ്ണം സ്ഥിരീകരിച്ചു. ഏഴാം തീയതി ഇത് യഥാക്രമം 42, 27 എന്നിങ്ങനെയായിരുന്നു. 4, 5, 6 തീയതികളില്‍ 50ന് മുകളിലായിരുന്നു ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പകുതിയോളം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഡെങ്കി പനിബാധ ഇല്ലാത്ത സ്ഥലങ്ങള്‍ ജില്ലയില്‍ ഇല്ലെന്നു തന്നെ പറയാം. ആലുവ, ആരക്കുന്നം, അയ്യമ്പിള്ളി, ചോറ്റാനിക്കര, ഏരൂര്‍, കാക്കനാട്, കലൂര്‍, കോതമംഗലം, മുളന്തുരുത്തി, പിറവം, തമ്മനം, തേവര, വെണ്ണല, വടക്കന്‍ പരവൂര്‍, ഇടപ്പള്ളി, ചമ്പക്കര, പാമ്പാക്കുട, ചോറ്റാനിക്കര, കൂനമ്മാവ്, പുതുവൈപ്പ്, മട്ടാഞ്ചേരി, ചമ്പക്കര, ബിനാനിപുരം, മൂത്തകുന്നം, എടത്തല, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, നെടുമ്പാശേരി, എടവനക്കാട്, പൊന്നുരുന്നി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഡെങ്കി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡെങ്കി പരത്തുന്ന കൊതുകുകള്‍ വേനല്‍ക്കാലത്ത് മുട്ടയിടുകയും മഴക്കാലമെത്തിയതോടെ ഇവ വിരിഞ്ഞ് ഡെങ്കി പരത്തുന്ന കൊതുകുകളായി തന്നെ ജനിക്കുന്നതാണ് ഡെങ്കിപ്പനി വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ മുമ്പ് ഡെങ്കിപ്പനി ബാധയുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും ഇതുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. കൊതുകുകള്‍ പെറ്റുപെരുകുന്ന ഉറവിടം ഇല്ലാതാക്കുകയാണ് പ്രധാന പോംവഴി.