- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു ക്ഷേത്രത്തിലും തീര്‍ഥാടകര്‍ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പു വരുത്തണം; എരുമേലിയില്‍ കുറി തൊടുന്നതിനു പണപ്പിരിവ് നടത്തുന്നതില്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി
ശബരിമല തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ല
കൊച്ചി: എരുമേലിയില്‍ പേട്ടതുള്ളല്‍ കഴിഞ്ഞെത്തുന്ന അയ്യപ്പ ഭക്തര്‍ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമല തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബോര്‍ഡിനു കീഴിലുള്ള ഒരു ക്ഷേത്രത്തിലും തീര്‍ഥാടകര്‍ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
കുറി തൊടുന്നതിനു പണം ഈടാക്കാന്‍ കരാര്‍ നല്‍കിയ ബോര്‍ഡിന്റെ നടപടിക്കെതിരെ എരുമേലി സ്വദേശികളായ ഭക്തര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എരുമേലിയില്‍ പേട്ടതുള്ളല്‍ കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തരില്‍ നിന്നും സിന്ദൂരവും ചന്ദനവും തൊടാന്‍ പത്ത് രൂപ വീതം ഈടാക്കാനായിരുന്നു ദേവസ്വം ബോര്‍ഡ് തീരുമാനം. ഇതനുസരിച്ചാണ് കരാര്‍ നല്‍കിയതും.
എന്നാല്‍ പേട്ടതുള്ളലിനും എരുമേലി നദിയിലെ പുണ്യസ്‌നാനത്തിനും ശേഷം ചന്ദനം, വിഭൂതി തുടങ്ങിയവ തൊടുന്നത് എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ ആചാരങ്ങളുടെ ഭാഗമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേ സമയം, മാസപൂജ, മണ്ഡല മകരവിളക്കു സമയത്ത് പേട്ടതുള്ളുന്ന ചില തീര്‍ഥാടകര്‍ ഇത് പിന്തുടരാറുണ്ട്.
ശബരിമല തീര്‍ഥാടകരെ ആരും ചൂഷണം ചെയ്യരുത്. നടപ്പന്തലിലും ആനക്കൊട്ടിലിലും 3 കണ്ണാടികളിലുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സൗജന്യമായി ഉപയോഗിക്കാന്‍ വിഭൂതി, ചന്ദനം തുടങ്ങിയവ കണ്ണാടിക്കു താഴെ വയ്ക്കാറുണ്ട്. ക്ഷേത്രത്തിനുള്ളില്‍ പ്രസാദവും നല്‍കുന്നുണ്ട്. കുത്തകാവകാശമുള്ളവര്‍ക്ക് ഉള്‍പ്പെടെ അനധികൃത പ്രവൃത്തികള്‍ അനുവദിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത ചൊവാഴ്ച വീണ്ടും പരിഗണിക്കും.