- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിറ്റ്നസ് സെന്ററിന്റെ മറവിൽ രാസ ലഹരി വിൽപ്പന; സ്ഥാപനത്തിൽ സ്ഥിരമായി എത്തിയിരുന്നവരിൽ ചിലർ ലഹരിവിമുക്ത കേന്ദ്രത്തിൽ; സ്ഥാപന ഉടമ പോലീസിന്റെ പിടിയിൽ
നൂറനാട്: ഫിറ്റ്നസ് സെന്ററിന്റെ മറവിൽ രാസ ലഹരി വിൽപ്പന നടത്തിയ സ്ഥാപന ഉടമയെ നൂറനാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. പാലമേൽ കൈലാസം വീട്ടിൽ അഖിൽ നാഥ് (31) ആണ് 48 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. നൂറനാട് പടനിലത്ത് പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെന്ററിന്റെ ഉടമയാണ് അഖിൽ നാഥ്.
ഫിറ്റ്നസിന് രാസ ലഹരി അത്യാവശ്യമാണെന്ന് വരുത്തിത്തീർത്താണ് യുവതീ യുവാക്കൾക്കിടയിൽ ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്. സ്ഥാപനത്തിൽ സ്ഥിരമായി വരാറുണ്ടായിരുന്ന ചില യുവാക്കൾ ലഹരി ഉപയോഗത്തെ തുടർന്ന് നൂറനാട്ടുള്ള ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇയാൾ ലഹരി ഉപയോഗത്തിനായി പ്രത്യേക പാർട്ടികളും സംഘടിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു. കേരളത്തിന് പുറത്തുനിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത്.
രണ്ടുമാസം മുൻപ് ഇയാളുടെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ സമാന കേസിൽ ഇതേ സ്ക്വാഡ് പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ 'ഓപ്പറേഷൻ ഡി-ഹട്ട്'ന്റെ ഭാഗമായി കിഴക്കൻ മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയതിനെത്തുടർന്നാണ് ഈ നടപടി. വർഷങ്ങളായി ലഹരി കച്ചവടത്തിൽ സജീവമായിരുന്ന ഇയാൾ ആദ്യമായാണ് ലഹരി വസ്തുക്കളുമായി പിടിയിലാകുന്നത്.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ചെങ്ങന്നൂർ ഡി.വൈ.എസ്.പി. ബിനുകുമാർ എം കെ യുടെ മേൽനോട്ടത്തിൽ നൂറനാട് ഐഎസ്എച്ച്ഒ ശരിക്കുമാർ, എസ്ഐ ശ്രീജിത്ത്, ജി എ എസ്ഐ സിനു വർഗ്ഗീസ്, സിപിഒ മാരായ കലേഷ്, വിഷ്ണു, രജനി, ജഗദീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.