കോഴിക്കോട്: സഹപാഠികളുടെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പ്രതികളുടെ പരീക്ഷ കേന്ദ്രം താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട് പോലീസ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്.

എലൈറ്റിൽ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.

സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവൻ നിലനിർത്താൻ ആയത്.