തിരുവനന്തപുരം: തലസ്ഥാനത്ത് 13.444 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അമരവിളയിൽ വെച്ചാണ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ് (30) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം ടെക്നോപാർക്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ഇയാൾ തിരുവനന്തപുരത്ത് മുറി വാടകയ്ക്ക് എടുത്ത് രാസലഹരി വിൽപന നടത്തുകയായിരുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ആര്യങ്കോട് ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് അൽത്താഫ് ബൈക്കിൽ എത്തിയത്. അമരവിളയിലെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇയാളിൽ നിന്ന് 13.444 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.

ടെക്നോപാർക്കിൽ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ റൂം വാടകയ്ക്ക് എടുത്തിട്ടുണ്ട്. മറ്റു സംസ്ഥാങ്ങളിൽ നിന്നുൾപ്പെടെ മയക്കുമരുന്ന് കടത്തി കൊണ്ട് വന്നിരുന്ന പ്രതി താൻ വാടകയ്ക്ക് എടുത്തിരുന്ന മുറി കേന്ദ്രീകരിച്ച് ലഹരിയുടെ വിതരണം നടത്തിയിരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരിക്കുന്നത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ ഷാജു.കെ, പ്രിവന്റീവ് ഓഫീസർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് വി.ജെ, അഭിലാഷ്, അഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.