മലപ്പുറം: വണ്ടൂർ എക്സൈസ് സംഘം വനത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന വൻ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി. പാറക്കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കേന്ദ്രത്തിൽ നിന്ന് 2000 ലിറ്റർ വാഷും ചാരായം വാറ്റാനുപയോഗിച്ച വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തു. ഓണ വിപണി ലക്ഷ്യമിട്ട് പ്രവർത്തിച്ചുവന്ന കേന്ദ്രം നശിപ്പിച്ചതായും ഉടമകൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം 16-ന് രണ്ട് ലിറ്റർ ചാരായം പിടികൂടിയ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് വണ്ടൂർ എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ അമ്മിക്കുട്ടി വനമേഖലയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കേന്ദ്രത്തിൽ നിന്ന് ഒൻപത് ബാരലുകളിലായി സൂക്ഷിച്ച 2000 ലിറ്റർ വാഷ് കണ്ടെത്തി.

കൂടാതെ, 10 പാചകവാതക സിലിണ്ടറുകൾ, വലിയ ബർണർ ഘടിപ്പിച്ച സ്റ്റൗ, രണ്ട് വാറ്റ് പാത്രങ്ങൾ എന്നിവയും കണ്ടെടുത്തു. ഒരേ സമയം 200 ലിറ്റർ ചാരായം വാറ്റാൻ ശേഷിയുള്ളവയാണ് പിടിച്ചെടുത്ത പാത്രങ്ങളെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.