മലപ്പുറം: ഓണവിപണി ലക്ഷ്യമിട്ട് വൻതോതിലുള്ള ചാരായം ഉത്പാദനത്തിന് തയ്യാറെടുക്കുകയായിരുന്ന യുവാവിനെ കാളികാവ് എക്സൈസ് സംഘം പിടികൂടി. മമ്പാട് പള്ളിക്കുന്ന് സ്വദേശി രാജുവിനെ (45)യാണ് 500 ലിറ്ററോളം വാഷും നിർമ്മാണ സാമഗ്രികളുമായി വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിനുള്ളിൽ എക്സൈസ് ഉദ്യോഗസ്ഥരെ പോലും കുഴപ്പിച്ച രഹസ്യ അറകൾ കണ്ടെത്തി.

രാജുവിന്റെ വീട്ടിൽ രഹസ്യമായി നിർമ്മിച്ച മൂന്ന് അറകളാണ് കണ്ടെത്തയത്. ഷെഡിൽ ഭിത്തിയിൽ ഒളിപ്പിച്ചും, അടുക്കളയിലെ ടൈലുകൾക്ക് അടിയിലും, രണ്ട് ബാരലുകളിലായി 500 ലിറ്ററോളം ചാരായം വാഷ് സൂക്ഷിക്കാൻ ഇയാൾ സൗകര്യമൊരുക്കിയിരുന്നു. കൂടാതെ, ഒന്നര ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു. പതിനഞ്ച് വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന രാജുവിനെതിരെ നാല് ചാരായം കേസുകൾ നിലവിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി.സി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വീട് പരിശോധിച്ചപ്പോഴാണ് രഹസ്യ അറകൾ കണ്ടെത്തിയത്. നിർമ്മാണ തൊഴിലാളിയായ രാജുവും ഭാര്യയും ചേർന്നാണ് വീട് നിർമ്മിച്ചത്. ചാരായം സൂക്ഷിക്കാൻ സാധ്യമായ രീതിയിൽ വീട് രൂപകൽപ്പന ചെയ്തതിനാലാണ് മുമ്പ് നടത്തിയ പരിശോധനകളിൽ ഇത് കണ്ടെത്താൻ സാധിക്കാതിരുന്നത്.