കൊച്ചി: നവകേരള കാഴ്‌ച്ചപ്പാട് അവതരിപ്പിക്കുന്നതിനും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനുമായി സംസ്ഥാനത്ത് നടന്നുവരുന്ന മുഖാമുഖം പരിപാടിയുടെ സമാപനസംവാദം ഞായറാഴ്‌ച്ച രാവിലെ 9ന് എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

രണ്ടായിരത്തോളം റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയാകും. ടി.ജെ വിനോദ് എംഎ‍ൽഎ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

പരിപാടിയിൽ ജി.എസ് പ്രദീപ് മോഡറേറ്ററാകും. മുഖാമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ രാവിലെ എട്ടു മുതൽ ആരംഭിക്കും. ഫെബ്രുവരി 18ന് കോഴിക്കോട് ആരംഭിച്ച മുഖാമുഖം പരിപാടിയാണ് മാർച്ച് 3ന് എറണാകുളത്ത് സമാപനം കുറിക്കുന്നത്. ഫെബ്രുവരി 22ന് നെടുമ്പാശേരിയിൽ സംഘടിപ്പിച്ച മുഖാമുഖം സ്ത്രീസദസ് വൻ പങ്കാളിത്തമായിരുന്നു.

വിദ്യാർത്ഥികൾ, യുവജനങ്ങൾ, സ്ത്രീകൾ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, ഭിന്നശേഷിക്കാർ, പെൻഷൻകാർ, വയോജനങ്ങൾ, തൊഴിലാളികൾ, കർഷകർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികൾ വിവിധ വേദികളിലായി നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്തിരുന്നു.