വടകര: ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഫോൺപേയുടെ വ്യാജ പതിപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ച യുവാക്കൾ സൈബർ പൊലീസിന്റെ പിടിയിലായി. കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ ഹമീൻ എന്നിവരെയാണ് വടകര റെയിൽവേ സ്റ്റേഷനിൽ വച്ച് സൈബർ ക്രൈം പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വടകര റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതികളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വലയിലായത്. യുവതികളുടെ കൈവശം നിന്നും പണം വാങ്ങിയ ശേഷം, അത് തിരികെ അയച്ചുവെന്ന് വിശ്വസിപ്പിക്കാൻ പ്രതികൾ വ്യാജ ആപ്ലിക്കേഷനെയാണ് കൂട്ടുപിടിച്ചത്. പണം അയക്കാതെ തന്നെ, ഇടപാട് വിജയകരമായി പൂർത്തിയായെന്ന് കാണിക്കുന്ന കൃത്രിമ ഇന്റർഫേസ് മൊബൈലിൽ പ്രദർശിപ്പിച്ച് സ്ക്രീൻഷോട്ട് കാണിച്ച് മുങ്ങാനായിരുന്നു ഇവരുടെ നീക്കം.

പണം അക്കൗണ്ടിലെത്താതെ ഇടപാട് നടന്നെന്ന അവകാശവാദത്തിൽ സംശയം തോന്നിയ യുവതികൾ ഉടൻ തന്നെ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സൈബർ ക്രൈം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. യഥാർത്ഥ ആപ്പിനോട് സാമ്യമുള്ളതും എന്നാൽ തട്ടിപ്പിനായി മാത്രം രൂപപ്പെടുത്തിയതുമായ ആപ്ലിക്കേഷനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.