തൃശൂര്‍: പള്ളിയിൽ മനസമ്മത ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണ് അഞ്ച് പേര്‍ക്ക് പരിക്ക്. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എച്ച് വി എല്‍ ഫാന്‍ ഉഗ്ര ശബ്ദത്തോടെ നിലം പതിച്ചത്. ശബ്ദം കേട്ട ഉടനെ തന്നെ എല്ലാവരും കുതറി മാറിയതിനാൽ വന്‍ അപകടം ഒഴിവായി.

പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴൂര്‍ സെന്‍റ് മേരീസ് പള്ളി പാരീഷ് ഹാളില്‍ ശനിയാഴ്ച 12 ഓടെയായിരുന്നു സംഭവം. അറ്റകുറ്റ പണികള്‍ നടത്താതിരുന്നതിനെ തുടര്‍ന്ന് ക്ലാമ്പുകള്‍ ഇളകിയതാണ് ഫാന്‍ താഴേക്ക് വീഴാന്‍ കാരണമായതെന്നാണ് പറയുന്നത്.