തിരുവനന്തപുരം: ഫുട്‌ബോളും ടി 20 ക്രിക്കറ്റുമൊക്കെയായി കായികലോകം മുഴുവൻ ലോകകപ്പ് ആവേശത്തിലാണ്.ഓസ്‌ട്രേലിയയിൽ ടി 20 ക്രിക്കറ്റ് വേൾഡ് കപ്പിന് തുടക്കമായി കഴിഞ്ഞു.അതേ സമയം ഖത്തറിൽ കാൽപ്പന്തു കളിയുടെ ആരവമുയരാൻ ഒരുമാസം ശേഷിക്കെ ഫുട്‌ബോൾ ലോകം ഇപ്പോഴേ ആവേശത്തിലാണ്.ഇതിന്റെ അലയൊലികളും വാഗ്വാദങ്ങളും സമൂഹമാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.

ഫുട്‌ബോൾ എന്ന് കേട്ടാൽ മലയാളിയുടെ നാവിലേക്ക് ആദ്യം ഓടിയെത്തുക രണ്ട് പേരുകളാണ് ബ്രസീലും അർജന്‌റീനയും.ഈ ലോകകപ്പ് കാലത്തും അതിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്ന് തന്നെ പറയാം. ഇതിന് തെളിവാണ് ഇന്നലെ മന്ത്രി വി.ശിവൻകുട്ടി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ നടന്ന വാക് പോര്.

ഫുട്‌ബോൾ ലോകകപ്പിൽ ബ്രസീലിന് തന്റെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 'ഇത്തവണ ബ്രസീൽ പിടിക്കും' എന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. പോസ്റ്റിന് താഴെ നടന്നതാവട്ടെ ഫുട്‌ബോൾ പ്രേമികളായ ഇടതുപക്ഷ നേതാക്കളും എംഎൽഎമാരും തമ്മിലുള്ള ഫാൻ ഫൈറ്റും. ചിലർ മന്ത്രിയുടെ പ്രവചനം ശരിവച്ചപ്പോൾ, മറ്റു ചിലർ എതിർത്തു.അർജന്‌റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുന്മന്ത്രി എം.എം.മണി, എംഎൽഎമാരായി ലിന്റോ ജോസഫ്, എം.വിജിൻ, കെ.വി.സുമേഷ്, വി.കെ.പ്രശാന്ത്, എം.നൗഷാദ്, പി.മ്മിക്കുട്ടി തുടങ്ങിയവരാണ് കമന്റ് ബോക്‌സിൽ ശിവൻകുട്ടിയുടെ പ്രധാന 'എതിരാളികളായി എത്തിയത്.

''ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്‌ളൈറ്റ് പിടിക്കാതിരിക്കട്ടെ. സെമിവരെ എങ്കിലും എത്തണേ.'' എന്നായിരുന്നു എം.എം മണിയുടെ കമന്റ് ''നമുക്ക് കാണാം ആശാനെ.''എന്ന് മണിയാശാന് മന്ത്രി മറുപടിയും നൽകി.''കോപ അമേരിക്ക കീഴടക്കി ഫൈനലിസ്മയും നേടി. ഇനി ഖത്തറിൽ ലോകകപ്പിലും മുത്തമിടും. വാമോസ് അർജന്റീന'' എന്നാണ് ഇ.പി.ജയരാജന്റെ കമന്റ്. ''ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല സഖാവേ.'' എന്നാണ് ഇപിക്ക് മന്ത്രി നൽകിയ മറുപടി.

''ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവെ ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു'' എന്നാണ് മുൻ തിരുവനന്തപുരം മേയറും ഇപ്പോൾ വട്ടിയൂർക്കാവ് എംഎൽഎയുമായ വി.കെ.പ്രശാന്ത് കമന്റ് ചെയ്തത്.''ഈ കപ്പ് കണ്ട് പനിക്കണ്ട ഇത് ഞങ്ങൾ ഇങ് എടുത്തു'' എന്ന് യുവ എംഎൽഎ ലിന്റോ ജോസഫ് പ്രവചിച്ചപ്പോൾ നമുക്ക് കളത്തിൽ കാണാം എന്നു മന്ത്രിയുടെ വെല്ലുവിളിയുമെത്തി. ''അണ്ണാ.... അതിനുവച്ച വെള്ളം വാങ്ങിയേരെ.. ഇത്തവണ കപ്പ് ഞമ്മടെ മെസ്സിയും പിള്ളാരും പൊക്കും.'' എന്നായിരുന്നുഎം.നൗഷാദ് എംഎൽഎയുടെ കമന്റ് വന്നത്.

അർജന്റീനാ ആരാധകരുടെ കൂട്ട ആക്രമണത്തിൽ നിന്നും മന്ത്രിയെ രക്ഷിക്കാൻ എംഎൽഎമാരായ എച്ച്.സലാം, കെ.എം.സച്ചിൻദേവ് എന്നിവർ പിന്തുണയുമായെത്തി. ''ബ്രസീൽ ഫൈനലും കളിക്കും വേൾഡ് കപ്പും സ്വന്തമാക്കും..കളികാണാൻ വന്നവർ കണ്ടിട്ട് പൊക്കോണം'' എച്ച്.സലാം കമന്റിട്ടു.''കപ്പ് ബ്രസീലിനു തന്നെ.. മറ്റുള്ളവർക്ക് ഖത്തറിലെ കാഴ്ച കണ്ട് മടങ്ങാം'' എന്നായിരുന്നു മന്ത്രിയെ പിന്തുണച്ചുകൊണ്ട് യുവ എംഎ‍ൽഎ സച്ചിൻദേവ് കമന്റ് ചെയ്തത്. ബ്രസീൽ-അർജന്‌റീന പോരിനിടയിൽ വ്യത്യസ്ത അഭിപ്രായവുമായി മറ്റൊരു എംഎൽഎയുംഎത്തി. ''മഞ്ഞയ്ക്കുമില്ല നീലക്കുമില്ല.കപ്പ് ഇംഗ്ലണ്ടിനു തന്നെ'' എന്നായിരുന്നു കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിന്റെ കമന്റ്.