- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫർസീൻ മജീദിനെതിരെയുള്ള കാപ്പ ചുമത്തൽ; പൊലീസ് അന്തിമ തീരുമാനം ഈ മാസം 30ന്; ഡി ഐ ജി രാഹുൽ ആർ നായർക്ക് രേഖാമൂലമുള്ള മറുപടി നൽകി ഫർസീൻ
കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പചുമത്താൻ ശുപാർശ ചെയ്യുന്ന കാര്യത്തിൽ പൊലീസ് നടപടികൾ ഈ മാസം മുപ്പതിന് പൂർത്തിയാകും. അന്നേ ദിവസം കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി രാഹുൽ ആർ. നായർ മുൻപാകെ ഫർസീനോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും നടപടി വരിക. ഫർസീനെതിരെ കാപ്പ ചുമത്താൻ ആഭ്യന്തര വകുപ്പിൽ നിന്നും കനത്ത സമ്മർദ്ദമുണ്ടെന്നാണ് സൂചന. അതുകൊണ്ടു തന്നെ രാഷ്ട്രീയ കേസുകളിൽ പ്രതിയായ ഫർസീനെതിരെയുള്ള നടപടി തന്നെയാണ്പൊലീസ് സ്വീകരിക്കാൻ സാധ്യത.
ഇതിനിടെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനു പ്രയോഗിക്കുന്ന കരിനിയമമായ കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താൻ കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. രാഹുൽ ആർ നായർ അയച്ച നോട്ടീസിന് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് ശനിയാഴ്‌ച്ച രേഖാമൂലമുള്ള മറുപടി നൽകി. ശനിയാഴ്‌ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഫർസീനും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനായ സുദീപ് ജയിംസും അഭിഭാഷകനോടൊപ്പം കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി ഓഫീസിലെത്തിയത്.
തനിക്കെതിരെ ചുമത്തിയ 13 കേസുകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് മറുപടി നൽകിയത്. പൊലീസ് സംരക്ഷണയിൽ കഴിയുന്ന താൻ എങ്ങനെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന് വ്യക്തമാക്കണമെന്ന് ഫർസീൻ മജീദ് പറഞ്ഞു. അതുകൊണ്ടു തന്നെ കാപ്പ ചുമത്താനുള്ള നടപടികളിൽ നിന്നും പിന്മാറണമെന്ന ആവശ്യം തന്റെ അഭിഭാഷകൻ മുഖേനെ ഡി.ഐ.ജി. രാഹുൽ ആർ.നായർക്ക് നൽകിയിട്ടുണ്ട്. തനിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കം രാഷ്ട്രിയ പ്രേരിതമാണ്. കള്ള കേസ് ചുമത്തി വേട്ടയാടിയതിനോടുള്ള രാഷ്ട്രീയ തിരിച്ചടിയാണ് മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്നും ഫർസീൻ പറഞ്ഞു.
കള്ളക്കേസിൽ കുടുക്കി ഫർസിനെ വേട്ടയാടുകയാണെന്നും രാഷ്ട്രിയ കേസുകളിൽ പ്രതിയായവർക്കെതിരെ കാപ്പ ചുമത്തുകയാണെങ്കിൽ ആദ്യം സിപിഎം നേതാക്കളെയാണ് ജയിലിൽ അടയ്കേണ്ടതെന്നും യുത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുദീപ് ജയിംസ് പറഞ്ഞു
ഫർസിൻ മജീദിനൊപ്പം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനായി യൂത്ത് കോൺഗ്രസ് വിവരാവകാശ രേഖയ്ക്കായി പൊലീസിൽ അപേക്ഷ നൽകുമെന്നും സുദീപ് ജയിംസ് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാലത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമായാണ് മണ്ഡലം ഭാരവാഹികളായ ഫർസീനും നവീനും മുഖ്യമന്ത്രി കയറിയ ഇൻഡിഗോ വിമാനത്തിൽ കയറി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുമ്പോൾ കരിങ്കൊടികാണിച്ചു പ്രതിഷേധിച്ചത്. ഈ സമയം വിമാനത്തിലുണ്ടായിരുന്ന എൽ. ഡി. എഫ് കൺവീനർ ഇവരെ തള്ളിയിട്ടുവെന്ന പരാതിയും ഉയർന്നിരുന്നു.




