മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ജീവനുവേണ്ടി പിടഞ്ഞ കുഞ്ഞിന് അടിയന്തര പ്രഥമശുശ്രൂഷ നൽകി പിതാവ് രക്ഷിച്ചു. മലപ്പുറം അമ്മിനിക്കാടാണ് സംഭവം. സിവിൽ ഡിഫൻസ് അംഗം കൂടിയായ പിതാവ് ഷെഫീഖ് അമ്മിനിക്കാടിനാണ് തൻ്റെ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ലഭിച്ച പരിശീലനം തുണയായത്. ഈ ദാരുണസംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ മാതാവ് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ മാതാവ് ഉടൻതന്നെ കുഞ്ഞിനെ വാരിയെടുത്ത് പുറത്തേക്ക് കൊണ്ടുവന്നു. തുടർന്ന് കുഞ്ഞിൻ്റെ പുറത്ത് തട്ടിക്കൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന പിതാവ് ഓടിയെത്തിയത്.

പിതാവ് ഉടൻതന്നെ കുഞ്ഞിനെ കമിഴ്ത്തി കിടത്തിയ ശേഷം പുറത്ത് ശക്തമായി തട്ടുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്ക് വരികയും കുഞ്ഞ് ശ്വാസമെടുക്കാൻ തുടങ്ങുകയുമായിരുന്നു. സിവിൽ ഡിഫൻസ് അംഗമായി പ്രവർത്തിക്കുന്നതിനിടയിൽ ലഭിച്ച പരിശീലനമാണ് സ്വന്തം കുഞ്ഞിനെ അടിയന്തര ഘട്ടത്തിൽ രക്ഷിക്കാൻ ഷെഫീഖിന് സഹായകമായത്. നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞിനെ അപകടത്തിൽ നിന്ന് കരകയറ്റിയതിൻ്റെ ആശ്വാസത്തിലാണ് ഷെഫീഖും കുടുംബവും.