കൊല്ലം:അഞ്ചാം ക്ലാസുകാരനെ ക്രൂര മർദ്ദനത്തിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ.സ്പോർട്സ് പരിശീലന സമയത്ത് ഇവർക്ക് നേരെ ബോൾ തെറിച്ച് വീണെന്നാരോപിച്ചായിരുന്നു ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് കുട്ടിയെ തല്ലി ചതച്ചത്.തന്നെ മർദ്ദിച്ച സംഭവം പുറത്തറിഞ്ഞാൽ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു സീനിയർ വിദ്യാർത്ഥികളുടെ ഭീഷണിയെന്ന് മർദ്ദനത്തിനിരയായ കുട്ടി പറയുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലം ഇൻഫെന്റ് ജീസസ് സ്‌കൂളിലാണ് സംഭവം.കായിക പരിശീന നടക്കുന്ന സമയത്ത് അഞ്ചാം ക്ലാസുകാരനായ കുട്ടിയെ സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് വെച്ച് മർദ്ദിക്കുകയായിരുന്നു.വിവരം വീട്ടിൽ അറിയിച്ചാൽ ആസിഡ് ഒഴിക്കുമെന്നും, കൊന്ന് കളയുമെന്നും കുട്ടികൾ ഭീഷണിപ്പെടുത്തി.അടി കൊണ്ട് രക്തം വാർന്ന ശരീരവുമായി വീട്ടിലെത്തിയ കുട്ടിയോട് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് പരാതിയുമായി സ്‌കൂളിലെത്തിയപ്പോൾ സിസിടിവി പരിശോധിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായില്ലെന്ന് രക്ഷിതാവ് ആരോപിച്ചു. അതേ സമയം സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ സിൽവി ആന്റണി വൃക്തമാക്കി.അതേസമയം രക്ഷിതാവിന്റെ പരാതിയിൽ സിഡബ്ലൂസിയും കൊല്ലം വെസ്റ്റ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.