- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോണിലൂടെ പരസ്പരം പോരുവിളിച്ച് സ്‌കൂളിന് മുന്നിലെത്തി; പിന്നീട് നടന്നത് കരിമഠം ഗ്യാങ്ങും കമലേശ്വരം പള്ളിത്തെരുവ് ടീമും തമ്മിലുള്ള കൂട്ടത്തല്ല്; തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു
തിരുവനന്തപുരം: സ്‌കൂളിലുണ്ടായ തർക്കം പുറത്തേക്കെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.കമലേശ്വരം സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾക്കിടയിലുണ്ടായ തർക്കത്തെ തുടർന്നാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.സംഘർഷത്തെ തുടർന്ന് 19 കാരന് പരിക്കേറ്റു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ രണ്ടുപേരെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കരിമഠം ഭാഗത്തുള്ള ഒരുസംഘം വിദ്യാർത്ഥികളും കമലേശ്വരം പള്ളിത്തെരുവിലെ വിദ്യാർത്ഥികൾക്കുമിടയിലാണ് അക്രമമുണ്ടായത്. 16-നും 20-നുമിടയിൽ പ്രായമുള്ള വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണ് ഏറ്റുമുട്ടിയത്.സംഘർഷത്തെ തുടർന്ന് പൂന്തുറ സ്വദേശിയായ അഫ്സൽ (19) എന്നയാൾക്ക് കാലിന് വെട്ടേറ്റു.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഇരുഭാഗത്തിനുമിടയിൽ തർക്കമുണ്ടായത്.തുടർന്ന് മൊബൈൽഫോണിലൂടെ ഇരുസംഘവും ഏറ്റുമുട്ടലിനുള്ള വെല്ലുവിളി ഉയർത്തുകയും രണ്ട് സംഘങ്ങളും കമലേശ്വരം സ്‌കൂളിന് മുന്നിലെത്തുകയുമായിരുന്നു.ഇവിടെയെത്തിയ ഇരുസംഘവും പരസ്പരം പോരുവിളിച്ച് ഏറ്റുമുട്ടുകയായിരുന്നു.സംഘത്തിൽപ്പെട്ട് ചിലരുടെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നതായി സംശയിക്കുന്നു.
സംഘർഷത്തെ തുടർന്ന് കരിമഠം സ്വദേശിയായ സൂര്യ, പേരൂർക്കട കാച്ചാണി സ്വദേശിയായ സുധീഷ്‌കുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇരുഭാഗത്തുമായി 12-ലേറെ പേർ പൊലീസിന്റെ പ്രതിപ്പട്ടികയിലുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.




