കണ്ണൂർ: മലയാള ചലചിത്രനടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും നേരെ ബിജെപി പ്രവർത്തകരാണ് മർദ്ദനമഴിച്ചുവിട്ടതെന്ന് ആരോപണം. റോഡരികിലെ ഫ്ലെക്സ് ബോർഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മർദിച്ചതെന്ന് സന്തോഷിൻ്റെമകൻ യദു സാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. തളിപറമ്പ് തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂട്ടുകാരന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞുമടങ്ങും വഴിയാണ് യദു സാന്തിനേയും കൂട്ടുകാരെയും മർദിച്ചത്.

'കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുകയായിരുന്നു. ഇതിനിടെ കല്ല് ഒരുഫ്ലെക്സ് ബോർഡിൽ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേർ വന്ന് എന്തിനാണ് ബോർഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. വീണ്ടും രണ്ട് പേർ വന്ന് ഹെൽമെറ്റ് കൊണ്ട് മർദിച്ചു' എന്നാണ് യദു പറഞ്ഞത്.

മനസാക്ഷയില്ലാത്ത മർദനമാണ് കുട്ടികൾക്ക് നേരെയുണ്ടായതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ആളാകേണ്ട എന്നുപറഞ്ഞാണ് മർദിച്ചത്. കളിക്കുമ്പോൾ പറ്റിയതാണ് ഇത്. പക്ഷെ തൻ്റെ മകനെയാണ് അവർ ആദ്യം മർദിക്കുന്നതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. സംഭവത്തിൻ കുറ്റാരോപിതരുടെ ഫോട്ടോകൾ തളിപറമ്പ് പൊലിസിന് കൈമാറിയിട്ടുണ്ട്. പരാതിയിൽ കേസെടുത്ത പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.