- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ ചാർജറിൽ നിന്നും തീആളിപ്പടർന്ന് വീടുകത്തി നശിച്ചു; സംഭവം കണ്ണൂരിലെ അഴീക്കോട്
അഴീക്കോട്: വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് മൊബൈൽ ഫോൺ ചാർജറിൽ നിന്നും തീപടർന്ന് വീട് കത്തിനശിച്ചു. അഴീക്കോട് തെരു മണ്ഡപത്തിന് സമീപത്തെ വീട്ടിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് സംഭവം. തലേദിവസം ചാർജ്ജ് ചെയ്തതിനു ശേഷം വേർപെടുത്തിയ മൊബൈൽ ചാർജ്ജറിൽ നിന്നാണ് ഷോർട്ട് സർക്യൂട്ടുണ്ടായത്.
അഴീക്കോട് തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവിന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. പ്ലഗ്ഗിൽ കുത്തിയ മൊബൈൽ ചാർജർ ഫോണിൽ നിന്ന് വേർപെടുത്തി സോഫയിൽ വെച്ചതായിരുന്നു. സോഫയാണ് ആദ്യം കത്തിയതെന്ന് രവീന്ദ്രൻപറഞ്ഞു. പിന്നീട് സെൻട്രൽ ഹാൾ മുഴുവൻ തീ പടരുകയായിരുന്നു. ഇതോടെ ടി വി, ജനലുകൾ, ഫാൻ എന്നിവയും കത്തി നശിച്ചു. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാരും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. വൻനാശനഷ്ടം സംഭവിച്ചതായി വീട്ടുടമ രവീന്ദ്രൻ പറഞ്ഞു.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമികനിഗമനം.
വിവരമറിഞ്ഞു ജനപ്രതിനിധികളും പൊലിസും വീടുസന്ദർശിച്ചു. നേരത്തെ കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വീടുകളിൽ സൂക്ഷിച്ച ഫ്രിഡ്ജുകളും ഇസ്തിരിപ്പെട്ടികളും പൊട്ടിത്തെറിച്ചിരുന്നു. ഗ്യാസ് സിലിൻഡർ പൊട്ടിതെറിച്ചതിനെ തുടർന്ന് ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട്ടുടമയും മരിച്ചിരുന്നു.



