കൊച്ചി: ബംഗളൂരു -കന്യാകുമാരി എക്സ്‌പ്രസ്സിലെ ഏ.സി കോച്ചിൽ പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ നിന്നു. കോച്ചിനുള്ളിലെ ഫയർ അലാറം പ്രവർത്തിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ വാതിലുകൾ തുറന്ന് പുറത്ത് ചാടി.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ട്രെയിൻ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്ലാറ്റ് ഫോം പകുതിയോളം പിന്നിട്ടപ്പോഴാണ് ബി-5 കോച്ചിൽ പുക ഉയർന്നത്. പുക ഉയർന്നതോടെ എസി കോച്ചിലെ ഫയർ അലാറം പ്രവർത്തിക്കുകയും ട്രെയിൻ തനിയെ നിൽക്കുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാർ പരിഭ്രാന്തരായി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി ഇറങ്ങിയത്.

ഇതോടെ റെയിൽവേ സുരക്ഷാ ജീവനക്കാർ വളരെ വേഗം തന്നെ കോച്ചിലെത്തി. കോച്ചിൽ ബാക്കിയുണ്ടായിരുന്ന യാത്രക്കാരെക്കൂടി ഒഴിപ്പിച്ചു. പിന്നീട് ഇലക്ട്രിക്കൽ എഞ്ചിനീയർമാർ നടത്തിയ പരിശോധനയിൽ എ.സി യൂണിറ്റിൽ എലി കയറി ഷോർട്ട് സർക്ക്യൂട്ട് ഉണ്ടായതാണെന്ന് കണ്ടെത്തി. ഷോക്കടിച്ച് ചത്ത എലിയെ യൂണിറ്റിന്റെ ബോർഡിൽ നിന്നും മാറ്റിയ ശേഷം ട്രെയിൻ യാത്ര തുടർന്നു. 20 മിനിട്ടോളം ട്രെയിൻ തൃപ്പുണിത്തുറയിൽ പിടിച്ചിട്ടു.