തൃശൂർ: ലൈറ്റ് ഹൗസിന് മുകളിൽ കയറി റീൽസ് ചിത്രീകരിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. ചാവക്കാട് കടപ്പുറത്തെ തൊട്ടാപ്പ് ലൈറ്റ് ഹൗസിലാണ് സംഭവം. മണത്തല ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സൽമാൻ ഫാരിസ് എന്ന യുവാവിന്റെ വലത് കൈപ്പത്തിയാണ് തകർന്നത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് റീൽസ് ചിത്രീകരണത്തിനായി അഞ്ചംഗ സംഘം ലൈറ്റ് ഹൗസിന് മുകളിൽ കയറിയത്. സുഹൃത്തിന്റെ വിവാഹത്തിന് ശേഷം ബാക്കിയായ ഗുണ്ട് ഇവർ കൈവശം കരുതിയിരുന്നു. ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് കടലിലേക്ക് ഗുണ്ട് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു. ലൈറ്റ് ഹൗസിന് സമീപം ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ, ഗുണ്ട് കത്തിച്ചയുടൻ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വലിച്ചെറിയുന്നതിന് മുമ്പ് തന്നെ ഗുണ്ട് യുവാവിന്റെ കയ്യിലിരുന്ന് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്.

സംഭവത്തിൽ പരിക്കേറ്റ സൽമാൻ ഫാരിസ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. ഇതിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലൈറ്റ് ഹൗസിന് മുകളിൽ കയറി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്.