- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡ്ഡലിത്തട്ടിൽ വിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി മഞ്ചേരി അഗ്‌നിരക്ഷാസേന; അഞ്ചു വയസുകാരി നിയ ഫാത്തിമയുടെ കൈവിരൽ പുറത്തെടുത്തത് ഇഡ്ഡലിത്തട്ട് അറുത്തുമാറ്റി
മലപ്പുറം: ഇഡ്ഡലിത്തട്ടിൽ വിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി മഞ്ചേരി അഗ്‌നിരക്ഷാസേന. മഞ്ചേരി ചെങ്ങര സ്വദേശി അബ്ദുറഹിമാന്റെ മകൾ അഞ്ചുവയസ്സുകാരിയായ നിയ ഫാത്തിമയുടെ കൈവിരലാണ് അബദ്ധത്തിൽ ഇഡ്ഡലിത്തട്ടിൽ കുടുങ്ങിയത്. വീട്ടുകാർ കുറേ പരിശ്രമിച്ചെങ്കിലും എടുക്കുവാൻ കഴിഞ്ഞില്ല. തുടർന്നു നീരുവെച്ച് വീർത്തു വന്ന നിലയിലായിരുന്നു കുഞ്ഞിന്റെ കൈവിരൽ. നിയാ ഫാത്തിമയെയും കൊണ്ട് മഞ്ചേരി അഗ്‌നി രക്ഷാ നിലയത്തിൽ എത്തുകയും, പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്റ്റീൽ കട്ടറും, റിങ് കട്ടറും ഉപയോഗിച്ച് ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിയുടെ കൈവിരൽ ഇഡലിത്തട്ടിൽ നിന്നും സുരക്ഷിതമായി എടുത്തുമാറ്റുകയായിരുന്നു.
അതേ സമയം മമ്പാട് എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥി മേപ്പാടം സ്വദേശി ഹയാൻ ഹൈദറിന്റെ ഇടതു ചെറുവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരവും എമർജൻസി റെസ്‌ക്യു ഫോഴ്‌സിന്റെ സഹായത്തോടെ നീക്കം ചെയ്തു. വിരലിൽ നീരുവന്ന് വീർത്തതിനേ തുടർന്ന് സ്‌കൂൾ അധികൃതർ വീട്ടുകാരെ വിവരം ധരിപ്പിക്കുകയും, ബന്ധുക്കൾ എമർജൻസി റെസ്‌ക്യു ഫോഴ്‌സിന്റെ സഹായം തേടുകയും ചെയ്യുകയായിരുന്നു. ഇ.ആർ.എഫിന്റെ നിലമ്പൂർ ഓഫീസിൽവെച്ച് അംഗങ്ങളായ കെ.എം. അബ്ദുൽ മജീദ്, ശ്യാം പ്രകാശ് എന്നിവർ മോതിര കട്ടറിന്റെ സഹായത്തോടെയാണ് മോതിരം നീക്കം ചെയ്തത്.
അബദ്ധത്തിൽ കിണറ്റിൽ വീണ യുവാവിനെയും രക്ഷിക്കാനിറങ്ങിയ സുഹൃത്തിനെയും ദിവസങ്ങൾക്കു മുമ്പു മഞ്ചേരി അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എളങ്കൂർ എടക്കാട് പാതിരിക്കോട് രതീഷ് (35) ആണ് തൃക്കലങ്ങോട് 12ാം വാർഡിൽ ശിവശങ്കരന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്.
രാവിലെ 9.15നാണ് സംഭവം. പെയിന്റിങ് തൊഴിലാളിയായ രതീഷ് കിണറിന്റെ മുകളിലിട്ട ഗ്രില്ലിന് പെയിന്റ് ചെയ്യുന്നതിനിടെ ഗ്രില്ല് തകർന്ന് താഴേക്ക് വീഴുകയായിരുന്നു. 52 അടി താഴ്ചയുള്ള കിണറിലേക്ക് വീണ രതീഷിനെ രക്ഷിക്കാൻ സൃഹൃത്ത് ജയൻ കിണറിലേക്ക് ഇറങ്ങി. എന്നാൽ രതീഷിനെ രക്ഷിക്കാനോ തിരികെ കരയിലേക്ക് കയറാനോ ഇയാൾക്കായില്ല. ഉടൻ നാട്ടുകാർ മഞ്ചേരി അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.
അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിൽ ഒമ്പതരയോടെ സേന സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ സഞ്ജു കിണറ്റിലിറങ്ങുകയും പരിക്കുപറ്റി കിടക്കുന്ന രതീഷിനെയും ജയനെയും മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ഏറെ സാഹസികമായാണ് കരയിലെത്തിച്ചത്. തുടർന്ന് അഗ്‌നിരക്ഷാ സേനയുടെ ആംബുലൻസിൽ രതീഷിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. സേനാംഗങ്ങളായ അബ്ദുൾ കരീം, സൈനുൽ ഹബീദ്, പി ജംഷാദ്, കെ പി അരുൺ ലാൽ, ടി അഖിൽ, കെ പ്രജിത്ത്, അബൂബക്കർ, അബ്ദുൾ സത്താർ, സുബ്രഹ്മണ്യൻ എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.




