കൊല്ലം: എഴുകോണിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഓൺലൈൻ തട്ടിപ്പ് കേസിൽ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്ത ശ്രീകുമാറാണ് എഴുകോൺ ഇരുമ്പനങ്ങാട് വെച്ച് കിണറ്റിൽ ചാടിയത്. വെള്ളിയാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേസിലെ കൂട്ടുപ്രതിയെ കണ്ടെത്താനായാണ് കൊടുങ്ങല്ലൂർ പോലീസ് ശ്രീകുമാറുമായി ഇരുമ്പനങ്ങാട്ട് എത്തിയത്. കൂട്ടുപ്രതിയുടെ വീട്ടിലേക്ക് വഴികാട്ടുകയായിരുന്ന ശ്രീകുമാർ, പോലീസിനെ ഊടുവഴികളിലൂടെ കൊണ്ടുപോയ ശേഷം വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഓട്ടത്തിനിടെ സമീപത്തുള്ള ചരുവിള പുത്തൻവീട്ടിൽ സജീവിൻ്റെ വീട്ടിലെ കിണറ്റിലേക്ക് ഇയാൾ ചാടി.

കിണറ്റിൽ നിന്ന് ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ഒരാളെ കണ്ടത്. ഇവരുടെ ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന പോലീസ് സംഘം ഓടിയെത്തുകയായിരുന്നു. തുടർന്ന് കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് ശ്രീകുമാറിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. സാരമായി പരിക്കേറ്റ പ്രതിയെ പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.