തൃശൂർ: പുതുക്കാട് ചെങ്ങാലൂർ പള്ളി തിരുനാളിനോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പത്ത് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറരയോടെ ചെങ്ങാലൂർ ലാസ്റ്റ് കപ്പേളക്ക് സമീപമാണ് അപകടമുണ്ടായത്.

ചെങ്ങാലൂർ സ്വദേശികളായ വൈക്കത്തുപ്പറമ്പിൽ സജുവിൻ്റെ മകൾ ഹെലൻ, കുന്നേൽ വീട്ടിൽ ടിസൻ്റെ ഭാര്യ ലെഞ്ജി, മക്കളായ അയറിസ്, റബേക്ക, ചാണ്ടി വീട്ടിൽ ജോയിയുടെ ഭാര്യ ജെസി, മരുമകൾ ഏഞ്ചലിൻ, ബന്ധു ഷെർലി, മുരിങ്ങാത്തേരി ബെന്നിയുടെ മകൾ ആൻമരിയ എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണിന് പരിക്കേറ്റ ഷെർലിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കൊടകര, വെണ്ടോർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.

ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 'യൂണിറ്റ്' എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. വെടിക്കെട്ട് ആരംഭിച്ചപ്പോൾ കപ്പേളക്ക് മുന്നിൽ തിരുനാൾ പ്രദക്ഷിണം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം പറമ്പിൽ നിന്ന് തെറിച്ച ഒരു ഗുണ്ട് റോഡിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ടിന് യാതൊരു മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്.