തിരുവനന്തപുരം: കേരളീയത്തെ ഹിറ്റാക്കി ഫിറോസ് ചുട്ടിപ്പാറയുടെ എൻട്രിയും. ഫിറോസ് ചുട്ടിപ്പാറയുടെ 'ലൈവ്' പാചകമായിരുന്നു ഇന്നലെ ഫുഡ്ഫെസ്റ്റ് വേദിയിൽ. കപ്പയും ബീഫും തത്സമയം ഉണ്ടാക്കിയാണ് 'വില്ലേജ് ഫുഡ് ചാനൽ' എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ ഫിറോസ് ചുട്ടിപ്പാറ സൂര്യകാന്തി വേദിയിൽ താരമായത്. റേഡിയോ ജോക്കി ഫിറോസിന്റെയും ലുലുവിന്റെയും കമന്ററി പരിപാടിക്ക് കൂടുതൽ മിഴിവേകി. മൂന്നു മണിക്കൂർ നീണ്ട തത്സമയ ഫുഡ് ഷോയുടെ ഇടയിൽ കാണികളുമായി അനുഭവങ്ങൾ പങ്കുവെച്ചു.

ലൈവ് ഷോയിൽ ഉണ്ടാക്കിയ കപ്പയും ബീഫും ഏവർക്കും വിളമ്പിയാണ് ഫിറോസ് ഷോ അവസാനിപ്പിച്ചത്. ഭക്ഷണശാലയിലെ പാചകത്തിനിടയിൽ മറ്റ് ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങളായ പാലക്കാട്ടുനിന്നുള്ള രാമശ്ശേരി ഇഡ്ഡലി, കോഴിക്കോടൻ ബിരിയാണി, തിരുവനന്തപുരത്തിന്റെ സ്വന്തം ബോളിയും പായസവും, കുട്ടനാടിന്റെ നാടൻ കരിമീൻ പൊള്ളിച്ചത്, അട്ടപ്പാടിയിൽനിന്ന് വനസുന്ദരി ഹെർബൽ ചിക്കനും രുചിക്കാൻ മറന്നില്ല. തത്സമയ കുക്കിങ് ഷോയിൽ കേരളീയം ഫുഡ് കമ്മിറ്റി ചെയർമാൻ എ.എ. റഹീം എംപി, കൺവീനർ ശിഖാ സുരേന്ദ്രൻ, മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ, യുവജന കമീഷൻ ചെയർമാൻ എം. ഷാജർ എന്നിവർ പങ്കെടുത്തു.