കുമ്പള:ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് മീൻവിൽപ്പനക്കാരൻ ആത്മഹത്യ ചെയ്തു.കർണാടക പുത്തൂർ കടബ സ്വദേശിയും പേരാൽ മൈമൂൻ നഗർ സി.എ അപ്പാർട്ട്മെന്റിലെ താമസക്കാരനുമായ മുഹമ്മദ് ഷാഫി (48) ആണ് ഭാര്യക്ക് വാട്സാപ്പിൽ ശബ്ദ സന്ദേശമയച്ചതിന് ശേഷം തൂങ്ങി മരിച്ചത്.മുഹമ്മദ് ഷാഫിക്കും ഭാര്യക്കും ബ്ലേഡ് വായ്പാ സംഘത്തിന്റെ വധഭീഷണി ഉണ്ടായിരുന്നതായാണ് പരാതി ഉയരുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ,ഞാൻ തൂങ്ങി മരിക്കുന്നു എന്ന് പറഞ്ഞ് ഷാഫി ഭാര്യയ്ക്ക് വാട്സാപ്പിൽ ശബ്ദ സന്ദേശം അയച്ചു. ഇത് സുബൈദ മറ്റുള്ളവരെ അറിയിക്കുകയും, അന്വേഷിക്കുന്നതിനിടെ താമസ സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റർ ദൂരെയുള്ള മരത്തിൽ ഷാഫിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

20 വർഷത്തോളമായി ഷാഫി കുമ്പള, മൊഗ്രാൽ ഭാഗങ്ങളിൽ മീൻ കച്ചവടം ചെയ്തു വരികയായിരുന്നു. കച്ചവടത്തിനായി ബ്ലേഡ് സംഘത്തിൽ നിന്ന് ഒരു ലക്ഷം രൂപയോളം വായ്പ എടുത്തതായി ബന്ധുക്കൾ പറയുന്നു. എന്നാൽ കച്ചവടം തീരെ കുറഞ്ഞതോടെ ബ്ലേഡ് സംഘത്തിന് പലിശ കൊടുക്കുന്നത് മുടങ്ങിയിരുന്നുവത്രെ.ഇതോടെയാണ് സംഘം ഷാഫിയെയും ഭാര്യയെയും നിരന്തരം ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.പലിശ തന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട് ബ്ലേഡ്  സംഘത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.