കണ്ണൂർ: നിരവധി അപകടങ്ങൾക്ക് കാരണമായ പഴയങ്ങാടിയിലെ പാലക്കോട് ചൂട്ടാട് അഴിമുഖത്തെ മണൽത്തിട്ടയിലിടിച്ച് തോണി മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്‌ച്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഹറുദുംഗയിലെ കോക്കൻ മണ്ഡലിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്‌ച്ച വൈകുന്നേരം ആറര മണിയോടെയായിരുന്നു അപകടം. പുറങ്കടലിലെ വലിയ മത്സ്യബന്ധനയാനമായ ലെയ്ലന്റിൽ നിന്നും ഇരുപത്തഞ്ചോളം തൊഴിലാളികളുമായി പാലക്കോട് ഹാർബറിലേക്ക് വരികയായിരുന്ന പുതിയങ്ങാടി സ്വദേശിയുടെ അൽഅബാദ് എന്ന ഫൈബർ വള്ളമാണ് മണൽത്തിട്ടയിൽ തട്ടി മറിഞ്ഞത്. ഇതിലെ ജീവനക്കാർ രക്ഷപ്പെട്ട് കരക്കെത്തിയപ്പോഴേക്കും കൂട്ടത്തിലുണ്ടായിരുന്ന കോക്കൻ മണ്ഡലിനെ കാണാതാവുകയായിരുന്നു.

ഇയാൾക്ക് വേണ്ടി ഞായറാഴ്‌ച്ച രാത്രിയിൽ നിർത്തിവെച്ച തെരച്ചിൽ ഇന്നുരാവിലെമുതൽ വീണ്ടും ആരംഭിച്ചിരുന്നു. അപകടത്തെ തുടർന്ന് പാലക്കോട് പുതിയങ്ങാടി ഹാർബറുകളിൽ തൊഴിലാളികൾ ഹർത്താൽ ആചരിച്ചു തുടർച്ചയായ അപകടങ്ങളാണ് ഇവിടെ നടന്നു വരുന്നതെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്. ഇതിനെതിരെ പരാതികൾ നിരവധി തവണ നൽകിയിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന പരാതി ഇവർക്കുണ്ട്.