ബത്തേരി:സുൽത്താൻ ബത്തേരിയിൽ മൈസൂർ സ്വദേശിയായ അഞ്ച് വയസുകാരന് നേരെ അച്ഛന്റെ ക്രൂര മർദ്ദനം.കുട്ടിയുടെ അച്ഛൻ മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വീട്ടിൽ വികൃതി കാണിച്ചതിനാണ് അച്ഛൻ കുട്ടിയെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.കേസെടുത്തതിന് പിന്നാലെ അച്ഛൻ ഒളിവിൽ പോയതായാണ് വിവരം.

ബത്തേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന മൈസൂർ ഉദയഗിരി സ്വദേശികളുടെ മകനാണ് ക്രൂര മർദനമേറ്റത്.അഞ്ചു വയസുകാരന്റെ ദേഹമാസകലം മർദനമേറ്റ പാടുകളുണ്ട്.ജനനേന്ദ്രിയത്തിലടക്കം പിതാവ് പൊള്ളലേൽപ്പിച്ചിട്ടുണ്ട്.മർദ്ദനത്തെ തുടർന്ന് കുട്ടിയെയും കൊണ്ട് അമ്മ ബത്തേരി താലൂക്ക് ആശുപ്രതിയിൽ ചികിത്സ തേടാൻ എത്തയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പരിശോധനകൾക്ക് ശേഷം ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രി അധികൃതർ വിവരമറിയച്ചിതിനെ തുടർന്ന് സ്ഥലത്തെത്തിയ ബത്തേരി പൊലീസാണ് കുട്ടിയുടെ അച്ഛനെതിരെ സ്വമേധയാ കേസെടുത്തത്.ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമാണ് അച്ഛനെതിരെ കേസെടുത്തിരിക്കുന്നത്.പെയിന്റിങ് തൊഴിലാളിയായ പ്രതി പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയി.ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവം വാർത്തയായതിനെ തുടർന്ന് കേസിൽ ചൈൽഡ് ലൈനും റിപ്പോർട്ട് തേടി.