കണ്ണൂർ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എസ്. ഇ. എസ് കോളേജിനു മുൻപിലെ റോഡരികിൽ സ്ഥാപിച്ച ഫ്ളക്സുകളും കൊടികളും തോരണങ്ങളും ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികളായ ചിലർനശിപ്പിച്ചതായി പരാതി.

കഴിഞ്ഞ ദിവസം കോളേജിലെ ഫൈനിൽ ഇയർ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഫിഫ 2022 മേളം എന്ന പരിപാടിയുടെ ഭാഗമായി കോളേജിന് പുറത്ത് റോഡരികിൽ സ്ഥാപിച്ച അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ളണ്ട്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ ചെറുതും വലുതുമായ കൊടികളും തോരണങ്ങളും മെസി, റൊണാൾഡോ, നെയ്മർ എന്നിവരുടെ ഫ്ളക്സ് ചിത്രങ്ങളും ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഛേത്രിയുടെ അടക്കമുള്ള ബോർഡുകളുമാണ് നശിപ്പിക്കപ്പെട്ടത്. കൊടി തോരണങ്ങൾ റോഡരികിൽ കൂട്ടിയിട്ടു കത്തിച്ച നിലയിലാണുള്ളത്.