ആലപ്പുഴ: ജില്ലയിലെ നഗരസഭ പ്രദേശങ്ങളിൽ അനധികൃതമായും ജനങ്ങളുടെ സുരയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിലും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ കണ്ടെത്തി നീക്കാൻ പൊലീസ്, നഗരസഭ അധികാരികൾക്ക് നിർദ്ദേശം. അനധികൃതവും അപകടകരവുമായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ഫ്‌ളക്‌സുകൾ, കൊടികൾ തുടങ്ങിയവ നീക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

ഇത്തരം ബോർഡുകൾ നീക്കുന്നതിനായി നഗരസഭ, റവന്യൂ, പൊതുമരാമത്ത്, പൊലീസ്, ആർ.ടി.ഒ., കെ.എസ്.ഇ.ബി., അധികൃതർ സംയുക്തമായി പ്രവർത്തിക്കണം. ആവശ്യമായ ജോലിക്കാരെ നഗരസഭകൾ നിയോഗിക്കണം. കെ.എസ്.ഇ.ബി. സെപഷ്യൽ ഡ്രൈവ് കാലയളവിൽ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യണം. സാമുദായിക സംഘടനകൾ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുള്ള കൊടി, തോരണം, ഫ്‌ളക്‌സ് എന്നിവ നീക്കം ചെയ്യുന്നതിന് സാമുദായിക നേതാക്കളുടെ യോഗം വിളിച്ചുചേർക്കും.

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആർ. സുധീഷ് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ആർ.ഡി.ഒ. എസ്. സുമ, ജി. രാജേഷ്, ആർ. സുധീഷ്, ടി.ആർ. രേഖ, എം വി മധു, മോഹന കുമാർ, പി. പ്രദീപ്, കെ.വി. ബെന്നി, കെ.വി. ഹരികുമാർ, കെ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.