മുണ്ടക്കയം: പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന വാഗ്‌ദാനം നൽകി പണം തട്ടിയ കേസിൽ മുണ്ടക്കയം കോട്ടക്കൽ മേഖലയിൽ നിന്നും പരാതി പ്രളയം. നിരവധി പേരാണ് പകുതി വിലക്ക് സ്‌കൂട്ടർ നല്കമെന്ന് പറഞ്ഞ തട്ടിപ്പിനിരയായത്. തട്ടിപ്പിനിരയായവരിൽ മുണ്ടക്കയം ഉരുൾപൊട്ടൽ ദുരന്തബാധിതരും ഉണ്ടെന്നാണ് സൂചന. മുണ്ടക്കയം, പൈനാവ് ഓഫീസിന് കീഴിൽ മാത്രം 850 ഓളം പേർക്ക് മാത്രം തട്ടിപ്പിൽ പണം നഷ്ടമായെന്നാണ് പ്രാഥമിക വിവരം. തട്ടിപ്പിനിരയായവർ സമൂഹമാധ്യമങ്ങളിലൂടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികളും, നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം. തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ അനന്തുകൃഷ്‍ണൻ അറസ്റ്റിലായതോടെ സംസ്ഥാനം ഒട്ടാകെയുള്ള പൊലീസ് സ്റ്റേഷനുകളിൽ എണ്ണായിരത്തിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്.

എന്നാൽ പരാതിക്കാർക്ക് നഷ്‌ടമായ പണം തിരികെ ലഭിക്കുമെന്നോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. സ്‌കൂട്ടർ, ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ, തയ്യൽ മെഷീൻ ഉൾപ്പെടെ നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. സ്കൂട്ടറിന്‌ 56,000മുതൽ 60,000വരെ, തയ്യൽ മെഷിന്‌ 8000, ലാപ്‌ടോപ്പിന്‌ 30,000വരെ, ഗൃഹോപകരണങ്ങൾക്ക്‌ 20,000 മുതൽ 60,000 വരെ എന്നിങ്ങനെയാണ്‌ തുക വാങ്ങിയത്‌. കേന്ദ്രപദ്ധതിയിൽ സിഎസ്‌ആർ ഫണ്ട്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ ആളുകളെ ചേർത്തത്‌. പീരുമേട്, മുണ്ടക്കയം, എരുമേലി കാഞ്ഞിരപ്പള്ളി മേഖലകളിലായി അൻപതിനായിരത്തിലധികം പേരാണ് സംഘടനയിൽ അംഗമായിരിക്കുന്നത്. മുണ്ടക്കയം പൈൻകിനാവിൽ പ്രവർത്തിക്കുന്ന സബ് ഓഫീസിലേക്ക് പ്രതിഷേധവുമായി നിരവധി വനിതകൾ എത്തിയിരുന്നു.

ഒരാൾക്ക് 320 രൂപയാണ് മെമ്പർഷിപ്പ് ഫീസായി ഈടാക്കിയിരുന്നത്. ഇങ്ങനെ ഈടാക്കിയ കോടിക്കണക്കിന് രൂപ പ്രമോട്ടർമാർ തട്ടിയതായും ആരോപണമുണ്ട്. മുണ്ടക്കയം, പെരുവന്താനം പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ നിന്നായി ലഭിച്ചത്. എന്നാൽ പലരുടെയും പരാതികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറിയില്ലെന്നും ആക്ഷേപമുണ്ട്. ഇതിൽ വലിയ പ്രതിഷേധവുമുണ്ടായി. തുടർ നടപടികൾ ശക്തമാക്കി പൊരുതാൻ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായവർ. ഇതിനായി മുണ്ടക്കയത്തെ, പെരുവന്താനം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളിലെ തട്ടിപ്പിനിരയായവർ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഒന്നിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നഷ്ടപ്പെട്ട കാശ് തിരികെ ലഭിക്കുമോയെന്ന ആശങ്ക നിലനിൽക്കുമ്പോഴും ഒരുമിച്ച് പ്രതിഷേധ പരിപാടികളും നിയമ പോരാട്ടവും നടത്തുവാനാണ് കൂട്ടായ്മയിലുള്ളവരുടെ തീരുമാനം.