തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മീന്‍ ഭക്ഷണം ദുരന്തമായി മാറി. ചെമ്പല്ലി മീന്‍ കഴിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളടക്കം നാല്പതോളം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്.

കാഞ്ഞിരംകുളം, ഊരമ്പ്, ചാമവിള, കുറുവാട് തുടങ്ങിയ പ്രദേശങ്ങളിലെയും തീരദേശ മേഖലകളിലെയും വിപണികളില്‍ നിന്നാണ് ആളുകള്‍ മീന്‍ വാങ്ങിയത്. കഴിഞ്ഞ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് പലര്‍ക്കും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ മാത്രം 27 പേര്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. ബാക്കി രോഗികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും സമീപ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. ഭാഗ്യവശാല്‍ ആരുടേയും നില ഗുരുതരമല്ല.

മീന്‍ പഴകിയതാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭക്ഷണസുരക്ഷാ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ചന്തകളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.