- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യ വിഷബാധ തടയാൻ ജാഗ്രത പുലർത്തണം; മുന്നറിയിപ്പുമായി എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ
കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും, ഹോട്ടൽ, കാറ്ററിങ്ങ്, ക്യാമ്പുകൾ, ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിൽ ഈ വർഷം പായിപ്ര, നോർത്ത് പറവൂർ, മാങ്ങാട്ടമുക്ക്, വടവുകോട്, ആലങ്ങാട്, തൃക്കാക്കര, അങ്കമാലി എന്നീ പ്രദേശങ്ങളിലാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലങ്ങാട് ഒരു പരിപാടിയിൽ നടന്ന ബിരിയാണി ചലഞ്ചിൽ പങ്കെടുത്ത 175 പേർക്ക് ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.
സ്‌കൂൾ കോളേജ്, അവധിക്കാല ക്യാമ്പുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ജില്ലാ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാവിഭാഗവും സ്ഥലം സന്ദർശിച്ച് അടിയന്തര നടപടികൾ സ്വീകരിച്ചു.
ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലമോ ഭക്ഷണം പഴകുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ച മൂലമോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതും മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തതും മലിനമായ ജലത്തിൽ ആഹാരം പാകം ചെയ്യുന്നതും ഹോട്ടലുകളിലും മറ്റും ഫ്രിഡ്ജിൽ മാംസം ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുന്നതും ഇവ ഫ്രിഡ്ജിൽ തുറന്നുവച്ച് മറ്റ് ആഹാര സാധനങ്ങളുമായി കലരുന്നതും, ഇറച്ചി, മീൻ, പാൽ, പാലുല്പന്നങ്ങൾ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവിൽ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം.
പനി, വയറിളക്കം, ഛർദ്ദി, തലവേദന, വയറുവേദന ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കുക. ലക്ഷണങ്ങൾ കണ്ടാലുടനെ
ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ക്യാമ്പുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ഭക്ഷണം തയ്യാറാക്കി
സൂക്ഷിക്കുമ്പോൾ അവ അടച്ചു സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിയുള്ള സ്ഥലത്ത് ആയിരിക്കണം ഭക്ഷണം തയ്യാറാക്കുന്നതും
വിതരണം ചെയ്യുന്നതും.
ഫ്രിഡ്ജിൽ സൂക്ഷിച്ച പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. ഫ്രിഡ്ജിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുമ്പോൾ വൃത്തിയുള്ള പാത്രത്തിൽ പ്രത്യേകം അടച്ചു സൂക്ഷിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാൻ നൽകുക. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂടിക്കലർത്തി ഉപയോഗിക്കരുത്. പാചകം ചെയ്യുന്നതിനും, പാത്രങ്ങൾ കഴുകുന്നതിനും ശുദ്ധമായ ജലം
തന്നെ ഉപയോഗിക്കണം.
കൃത്യമായ ഇടവേളകളിൽ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യേണ്ടതും, പരിശോധനക്ക് അയക്കേണ്ടതുമാണ്. രോഗബാധിതരായ ആളുകൾ പാചകം ചെയ്യുന്നതും ഭക്ഷണവിതരണം ചെയ്യുന്നതും ഒഴിവാക്കുക. സ്‌കൂളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സോപ്പ് ഉപയോഗിച്ച് കൈ
കഴുകുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്.
മാംസാഹാരം തയ്യാറാക്കുമ്പോൾ നന്നായി വേവിച്ച് മാത്രം ഉപയോഗിക്കണം. ഹോസ്റ്റലുകൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ, ഇലകൾ എന്നിവ നന്നായി വൃത്തിയായിരിക്കണം. കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം പാചകം ചെയ്യാവൂ. പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, കാലാവധി കഴിഞ്ഞ പാക്കറ്റിൽ ലഭ്യമായ ആഹാര പദാർത്ഥങ്ങൾ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലിൽ നിന്നു മാത്രം ആഹാരം കഴിക്കുക. അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
പച്ചക്കറി, മീൻ, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം. ഈച്ച ശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.




