- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
"ഇവിടുള്ളവർക്ക് അമിതമായ ദയയാണ്, കേരളം ഞങ്ങളുടെ ഹൃദയം കവരുന്നു"; അഞ്ച് രൂപയ്ക്ക് പകരം ചോക്ലേറ്റ് നൽകിയ കടയുടമയുടെ സ്നേഹത്തിൽ അമ്പരന്ന് വിദേശി വ്ലോഗർ; വീഡിയോ വൈറൽ

കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തെയും അതിഥി സൽക്കാരത്തെയും വാനോളം പ്രശംസിച്ച് വീഡിയോ പങ്കുവെച്ച് വിദേശി വ്ലോഗറായ മരിയ ഗ്രീൻ. ഒരു സാധാരണ കടയിൽ സാധനങ്ങൾ വാങ്ങിയപ്പോൾ നേരിട്ട അപ്രതീക്ഷിത അനുഭവമാണ് വീഡിയോയുടെ പ്രധാന ആകർഷണം. 'കേരളം ഞങ്ങളുടെ ഹൃദയം കവരുന്നു' എന്ന തലക്കെട്ടോടെ മരിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ആറ് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.
കടയിൽ നിന്ന് ലേയ്സ്, ഓറിയോ ബിസ്കറ്റ്, കോക്ക്, രണ്ട് പ്രോട്ടീൻ ഷേക്കുകൾ എന്നിവ വാങ്ങിയ മരിയക്ക് ഈ സാധനങ്ങൾക്ക് ആകെ ഒരു യൂറോയിൽ താഴെ (ഏകദേശം 90-95 രൂപ) മാത്രമാണ് ചെലവ് വന്നത്. ബില്ല് നൽകിയ ശേഷം, അഞ്ച് രൂപയുടെ ചില്ലറ ലഭ്യമല്ലാത്തതിനാൽ കടയുടമ മരിയക്ക് പകരം ചോക്ലേറ്റുകൾ നൽകി. ഈ അനുഭവം മരിയയെ വല്ലാതെ അത്ഭുതപ്പെടുത്തി.
"ഇവിടുള്ളവർക്ക് അമിതമായ ദയയാണ്. ചില്ലറയില്ലാത്തപ്പോൾ അവർ എനിക്ക് പകരം ചോക്ലേറ്റുകൾ തന്നു. ഇന്ത്യ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്," മരിയ വീഡിയോയിൽ പറയുന്നു. തിരക്കുകൾക്കിടയിലും ആളുകൾ കാണിക്കുന്ന സ്നേഹം ഈ യാത്രയെ മറക്കാനാവാത്തതാക്കി മാറ്റിയെന്നും അവർ കൂട്ടിച്ചേർത്തു.
മരിയയുടെ വീഡിയോയ്ക്ക് താഴെ മലയാളികളടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. "ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം" എന്നാണ് ഭൂരിഭാഗം പേരും കുറിച്ചത്. ഇന്ത്യയിലെ കടകളിൽ ചില്ലറയ്ക്ക് പകരം മിഠായി നൽകുന്നത് പതിവാണെന്നും അത് സ്നേഹത്തിന്റെ ഭാഗമാണെന്നും ചിലർ മറുപടി നൽകി. ഫോർട്ട് കൊച്ചി പോലെയുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും പരമ്പരാഗതമായ ഭക്ഷണങ്ങൾ രുചിച്ചു നോക്കാനും ആളുകൾ കമന്റുകളിലൂടെ നിർദ്ദേശിച്ചു.


