നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നാല് കിലോ മാരക രാസലഹരിയായ മെത്താക്യുലോണുമായി പിടിയിലായത് ടോംഗോ സ്വദേശിനി. 44 വയസ്സുകാരിയായ ലത്തിഫാറ്റു ഔറോയാണ് കസ്റ്റംസിന്റെയും സിയാൽ സുരക്ഷാ വിഭാഗത്തിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയ യുവതി ഡൽഹിയിലേക്ക് പോകാൻ ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തിരിക്കവെയാണ് സിയാൽ അധികൃതർക്ക് സംശയം തോന്നിയത്.

തുടർന്ന് സിയാൽ അധികൃതർ കസ്റ്റംസിന് വിവരം കൈമാറുകയും വിശദമായ ദേഹപരിശോധനയിലും ബാഗേജ് പരിശോധനയിലുമാണ് രാസലഹരി കണ്ടെത്താനായത്. യുവതിയുടെ ബാഗിലെ സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ, രണ്ട് കിലോ വീതമുള്ള രണ്ട് പാക്കറ്റുകളിലായാണ് മെത്താക്യുലോൺ കണ്ടെത്തിയത്. ഡൽഹിയിൽ എത്തിച്ച് ഈ ലഹരിമരുന്ന് വിൽപന നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. മുമ്പും ഇതേ മാർഗത്തിലൂടെ ലത്തിഫാറ്റു ഔറോ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.