പത്തനംതിട്ട: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പൂർണമായില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ തുടങ്ങിയ ദൗത്യത്തിൽ ആദ്യഘട്ടത്തിൽ ഫലം കാണാനായില്ല. ഇന്ന് നിശ്ചയദാർഡ്യത്തോടെ നീങ്ങിയതിന്റെ ഫലമായി മയക്കുവെടി വയ്ക്കാൻ കഴിഞ്ഞു.

പ്രതികൂലമായ സാഹചര്യത്തിലാണ് ദൗത്യസംഘമുള്ളത്. അത് നിസാരമായി കാണുന്ന രീതിയാണ് ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായതെന്നത് വളരെ ദൗർഭാഗ്യകരമാണ്. വന്യമൃഗത്തെ വളർത്തു മൃഗം പോലെ കൈകാര്യം ചെയ്യാൻ കഴിയില്ല. ധീരമായ നടപടിയാണ് വനംഉദ്യോഗസ്ഥരും വെറ്റിനറി സർജൻ അരുൺ സക്കറിയയും നിർവഹിക്കുന്നത്. ഏകപക്ഷീയമായി നിലപാടെടുക്കാൻ കഴിയില്ല. വന്യമൃഗങ്ങളെ സ്നേഹിക്കുന്നവരുടെയും സ്വജീവികളുകെ ആക്രമണം നേരിടുന്നവരുടെയും അഭിപ്രായം മാനിക്കും. വനവും വന്യജീവികളെയും സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. വനംവകുപ്പിന്റെ ശ്രമം മനേകാ ഗാന്ധി ഉൾപ്പെടെയുള്ളവർ തെറ്റദ്ധരിച്ച പശ്ചാത്തലത്തിലാണ് മാധ്യമങ്ങളെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. കോടതി തീവ്രനിലപാടിനെ പിന്തുണച്ചത് ദൗർഭാഗ്യകരമാണ്. വീഡിയോ എടുക്കാനും ഷെയർ ചെയ്യാനും പാടില്ലെന്നാണ് കോടതി നിർദ്ദേശം.

പിടികൂടുന്ന ആനയെ എങ്ങോട്ടു കൊണ്ടു പോകും എന്ന് കോടതി വിധി നിലനിൽക്കുന്നതിനാൽ പറയാൻ കഴിയില്ല. ചിന്നക്കനാലിലും പറമ്പിക്കുളത്തുമല്ല. ഇടുക്കി ജില്ലയിലേക്കുമില്ല. പത്തനംതിട്ട ജില്ലയിലോ ഗവിയിലോ ആകുമോയെന്ന് പറയാനും കഴിയില്ല. എവിടെ കൊണ്ടു പോയാലും അത് വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥലമാകും. ദൗത്യം ഇന്ന് തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതിക്ഷയെന്നും മന്ത്രി പറഞ്ഞു.