സീതത്തോട്: പത്തനംതിട്ട പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ അനിൽ കുമാർ (30) ആണ് മരിച്ചത്. പൊന്നമ്പലമേടിന് സമീപമാൻ കടുവയുടെ ആക്രമണമുണ്ടായത്. പെരിയാർ കടുവ സംരക്ഷണ കേന്ദ്രം പടിഞ്ഞാറ് ഡിവിഷൻ റേഞ്ച് ഓഫിസറുടെയും പച്ചക്കാനം ഡപ്യൂട്ടി റേഞ്ചറുടെയും നേതൃത്വത്തിൽ വനപാലകർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മൂന്നു ദിവസം മുൻപാണ് അനിൽകുമാർ വനവിഭവങ്ങൾ തേടി പൊന്നമ്പലമേട് ഭാഗത്തേക്ക് പോയത്. തിങ്കളാഴ്ച വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരങ്ങളുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. തിരച്ചിലിനിടെ വസ്ത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെ പൊന്നമ്പലമേട്ടിൽ നിന്ന് കുറച്ചകലെ ചടയാൻതോട് ഭാഗത്തായി മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയുമായിരുന്നു.

ഗവിയിൽ ജനിച്ചു വളർന്ന അനിൽ കുമാറിന് ഈ പ്രദേശത്തെ കാടുകൾ നന്നായി അറിയാമായിരുന്നു. ഒഴിവു ദിവസങ്ങളിൽ പലപ്പോഴും ഒറ്റയ്ക്ക് വനത്തിൽ പോകുന്ന പതിവുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവമറിഞ്ഞ് മൂഴിയാർ പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കിലോമീറ്ററുകളോളം ചുമന്നാണ് മൃതദേഹം വനപാലകരും നാട്ടുകാരും ചേർന്ന് ഗവിയിൽ എത്തിച്ചത്.