പാലക്കാട്: അട്ടപ്പാടിയിൽ നാലുവയസ്സുള്ള ആദിവാസി ബാലന് ക്രൂരമർദ്ദനം. കുട്ടിയുടെ കാൽ സ്റ്റൗവിൽ വെച്ച് പൊള്ളിച്ചു. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് പൊള്ളലേൽപ്പിച്ചത്.

സംഭവത്തിൽ അമ്മ രഞ്ജിതയേയും രണ്ടാനച്ഛൻ ഉണ്ണികൃഷ്ണനേയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. കുട്ടിയുടെ കാൽപ്പാദത്തിന്റെ അടിഭാഗം പൂർണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛൻ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗൻവാടിയിൽ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നു പറഞ്ഞാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.