- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: നവസാങ്കേതിക വിദ്യകളുടെയും സ്വതന്ത്ര അറിവുകളുടെയും വേദിയൊരുക്കുന്ന ഫ്രീഡം ഫെസ്റ്റിന് ശനിയാഴ്ച തുടക്കം. ടാഗോർ തിയറ്ററിൽ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിർമ്മിതബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, ക്രിപ്റ്റോ കറൻസി, മെഷിൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിങ്ങനെ വിവിധ മേഖലകളിലെ പുതിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള വേദിയാണ് ഫ്രീഡം ഫെസ്റ്റിവൽ.
ടാഗോർ തിയേറ്ററിൽ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് ഫെസ്റ്റിവൽ. വിവിധ വിഷയങ്ങളിൽ നാല്പതോളം സെമിനാറുകളും ശില്പശാലകളും നടക്കും. ജീനോമിക്സ്, ഇ ഗവേണൻസ്, ഓപ്പൺ മെഡിക്കൽ ടെക്നോളജികൾ, ഡിജിറ്റൽ വിദ്യാഭ്യാസം, ബയോ ഇൻഫർമാറ്റികസ്, സൈബർ നിയമങ്ങൾ, ഡിജിറ്റൽ സുരക്ഷ, ടെക്നോളജിയും മാധ്യമ സ്വാതന്ത്ര്യവും, കേരളത്തിന്റെ എന്റർപ്രൈസ് ആർക്കിടെക്ചർ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. സ്‌ക്രൈബസ്, ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുടങ്ങി സ്വതന്ത്ര സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്ന വിവിധ ടൂളുകൾ പരിചയപ്പെടുത്തുകയും ഇവ കൂടുതൽ മെച്ചപ്പടുത്തുന്നതിനുള്ള സാധ്യതകൾ, നിർദേശങ്ങൾ എന്നിവ ക്രോഡീകരിക്കുകയും ചെയ്യും.
നവീന ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന സ്റ്റാർട്ടപ്പ് പ്രദർശനങ്ങളുണ്ടാകും. അൻപതോളം സ്റ്റാളുകളാണുള്ളത്. വിവിധ പ്രൊഫഷണൽ കോളജുകളിൽ നിന്നായി ഐഡിയാത്തോണിലൂടെ തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന യങ് പ്രൊഫഷണൽ മീറ്റ് ശനിയാഴ്ച നടക്കും. കോളജ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും നവ സംരഭകർക്കും മികച്ച അവസരമാണ് ഫ്രീഡം ഫെസ്റ്റിവൽ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾ https://freedomfest2023.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും.




