തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അർഹരായ കുടുംബങ്ങൾക്ക് റേഷൻ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിശ്ചയിച്ച സമയത്തിനുള്ളിൽ റേഷൻ വിതരണം ചെയ്തില്ലെങ്കിൽ സർക്കാർ ഗൗരവമായി കാണുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

റേഷൻ കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള സമരപരിപാടിയിൽ നിന്ന് റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നാളെയാണ് സംസ്ഥാനത്തെ ഒരു വിഭാഗം റേഷൻവ്യാപാരികൾ സമരം നടത്താനിരിക്കുന്നത്.

സർക്കാരിന്റെ ഓണ കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകൾ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. അതേസമയം സമരത്തിൽ റേഷൻ വ്യാപാരി സംയുക്ത സമിതി പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.