പാലക്കാട്: പുതുനഗരത്ത് കാറിൽ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവ അഭിഭാഷകനെ പോലീസ് പിടികൂടിയത് സാഹസികമായി. വടവന്നൂർ ഊട്ടറ സ്വദേശി ശ്രീജിത്ത് (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ കൊടുവായൂർ ഭാഗത്തുനിന്നും വരുകയായിരുന്ന ഇയാൾ പുതുനഗരം കവലയിൽ വെച്ചാണ് പിടിയിലായത്.

എസ്.ഐ കെ. ശിവചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രീജിത്ത് സഞ്ചരിച്ച കാർ കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് പോലീസ് ജീപ്പിൽ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. മുൻപും പോലീസ് പരിശോധനകളിൽ നിന്ന് വാഹനം വെട്ടിച്ച് രക്ഷപ്പെട്ടിട്ടുള്ളയാളാണ് ശ്രീജിത്ത്. പാലക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് അറസ്റ്റിലായ യുവ അഭിഭാഷകൻ.