കൊച്ചി: 7 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി മലയ്ക്കുൽ ഷേയ്ക്ക് (23), ജലാംഗി സ്വദേശി മുകലേശ്വര റഹ്മാൻ (24) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പോലീസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. റൂറൽ ജില്ല പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ബാഗുകളിലെ പ്രത്യേക അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കിലോയ്ക്ക് 3000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങിയ കഞ്ചാവ് കൊച്ചിയിൽ 25000 രൂപയ്ക്ക് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതി. പെരുമ്പാവൂർ ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു. ഇവർ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്നവരാണെന്ന് സൂചനയുണ്ട്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഇൻസ്പെക്ടർ ജി.പി.മനുരാജ്, എസ്ഐ കെ.നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.