കൊല്ലം: ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് സംഘത്തെ കുണ്ടറ പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. എട്ടുകിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പെരുമ്പാഴ ചിറയടി രാജു ഭവനിൽ രഞ്ജിത്ത് (32), താമരക്കുളം സെനിൻ ഭവനിൽ സെനിൽ രാജ് (43), ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷ്മി (37), ചവറമുട് കരിമുളയ്ക്കൽ പുത്തൻപുരയിൽ അരുൺ (40) എന്നിവരാണ് പിടിയിലായത്. കൊല്ലത്ത് വിൽപ്പന നടത്താനായാണ് പ്രതികൾ കഞ്ചാവ് കടത്തിയത്.

കേരളപുരം ഇ.എസ്.ഐക്ക് സമീപം സ്വകാര്യ ബസിൽ നിന്നിറങ്ങുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം കൊല്ലത്ത് എത്തിയ സംഘം, കഞ്ചാവ് പെരുമ്പാഴ സ്വദേശിയായ രഞ്ജിത്തിന്റെ വീട്ടിൽ സൂക്ഷിച്ച് വിൽപ്പന തുടങ്ങാനാണ് പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു.

റൂറൽ എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫ് ടീം ഇവരെ പിടികൂടിയത്. കുണ്ടറ എസ്.എച്ച്.ഒ. രാജേഷിന്റെയും റൂറൽ ഡാൻസാഫ് എസ്.ഐ. മനീഷിന്റെയും നേതൃത്വത്തിൽ ഒരു സംഘമാണ് പ്രതികളെ പിടികൂടാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.