മലപ്പുറം: ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി ഇടുക്കി സ്വദേശി കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. തോപ്രാംകുടി സ്വദേശി സാബു (56) ആണ് മോങ്ങത്ത് വെച്ച് അറസ്റ്റിലായത്. ശരീരത്തിൽ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുചേർത്ത നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 4.7 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആന്ധ്രയിൽ നിന്ന് സംസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സാബുവെന്ന് പൊലീസ് സംശയിക്കുന്നു. 2020-ൽ 3.5 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഇടുക്കി സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാറിന്റെയും എസ്.ഐമാരായ ജിഷിൽ, ജസ്റ്റിൻ എന്നിവരുടെയും നേതൃത്വത്തിൽ ഡാൻസാഫ് ടീമും കൊണ്ടോട്ടി പൊലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.