ചേർത്തല: ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ അയൽവാസിയുടെ വീട്ടിൽ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സ്വദേശികളായ സുഭാഷിന്റെയും സുബിയുടെയും മകൻ ആര്യനാണ് (5) മരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം കുട്ടിയുടെ വീടിന് സമീപത്തുള്ള അയൽവാസിയുടെ വീട്ടിലായിരുന്നു സംഭവം. മറ്റ് കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആര്യൻ. സ്ലൈഡിങ് സംവിധാനത്തിലുള്ള ഇരുമ്പ് ഗേറ്റിൽ കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കളിക്കിടെ ട്രാക്കിൽ നിന്ന് തെന്നിമാറിയ ഭാരമേറിയ ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

ഗേറ്റിനടിയിൽപ്പെട്ട കുട്ടിയെ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ആളുകൾ ചേർന്ന് പുറത്തെടുത്തു. തുടർന്ന് ഉടൻ തന്നെ ആര്യനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ചേർത്തലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.