ഏറ്റുമാനൂർ; ആക്ഷൻ ഹീറോ ബിജുവെന്ന സിനിമയിൽ അൽപ്പം ചോറ് ചോദിച്ചെത്തുന്ന പ്രതിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഏറ്റുമാനുരിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം.കഞ്ചാവ് കേസിലെ പ്രതിയായ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചപ്പോൾ യുവാവ് ചെന്നു കയറിയത് വനിതാ പൊലീസിന്റെ വീട്ടുവളപ്പിലേക്കായിരുന്നു.'കുറച്ചുപേർ കൊല്ലാൻ വരുന്നുരക്ഷിക്കണ'മെന്ന അപേക്ഷയുമായാണ് വനിതാ സിവിൽ പൊലീസ് ഓഫിസറായ കെ. കൻസിയുടെ വീട്ടിലേക്ക് ഇയാൾ എത്തിയത്.യുവാവിന്റെ വരവിൽ സംശയം തോന്നിയ കൻസി ഇയാളെ ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു.

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ പ്രധാനിയായ അജിത്ത് എന്ന യുവാവാണ വനിതാ പൊലീസിന്റെ പിടിയിലായത്.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ കൻസി വീടിനുള്ളിൽ നിൽക്കുമ്പോഴാണ് വീടിനു സമീപം ആരോ വന്നതായി കാൽപെരുമാറ്റത്തിലൂടെ മനസ്സിലാവുന്നത്. തുടർന്ന് മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ യുവാവിനെ കാണുകയും സംശയം തോന്നിയതോടെ ഇയാളെ കാർ ഷെഡിനുള്ളിലേക്ക് കൊണ്ടു പോയി പിടിച്ചു വെച്ചു ചോദ്യം ചെയ്യുകയുമായിരുന്നു.

തുടർന്നു കൻസി അയൽ വീട്ടുകാരുടെ സഹായത്തോടെ യുവാവിനെ തടഞ്ഞുവച്ചു.പൊലീസിൽ വിവരം അറിയിച്ചെങ്കിലും അതിന് മുൻപ് എക്‌സൈസിലെ ഒരു ഉദ്യോഗസ്ഥൻ എത്തി യുവാവ് കഞ്ചാവ് കേസിലെ പ്രതിയാണെന്നു അറിയിച്ചശേഷം കസ്റ്റഡിയിലേക്ക് എടുക്കുകയും ചെയ്തു.കേസിൽ അറസ്റ്റ് ചെയ്ത രണ്ട് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.ഇതിൽ അജിത്തിനെ മാത്രമാണ് പിടികൂടാനായത്.