ആര്യങ്കാവ്:ആര്യങ്കാവ് അതിർത്തി വഴി തമിഴ്‌നാട് ബസ്സിൽ കൊല്ലത്തേക്ക് കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ.ബസിൽ രഹസ്യമായി കടത്തുകയായിരുന്ന 2 കിലോ കഞ്ചാവ് ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ചാണ് പിടികൂടിയത്.കഞ്ചാവ് കടത്തിക്കൊണ്ടുവന്ന തിരുവനന്തപുരം നെടുമങ്ങാട് മാണിക്കൽ അണ്ണൽ ദേശത്ത് പേഴുംമൂട് വീട്ടിൽ രാജേഷ് കുമാറിനെ (33) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്.ഇയാളുടെ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

പിടിയിലായതിനെ തുടർന്ന് പുനലൂരിൽ കാത്തുനിൽക്കുന്ന ഒരാൾക്ക് കൊടുക്കാനായിട്ടാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് ഇയാൾ പറഞ്ഞത്.പ്രതിയുടെ കയ്യിലുണ്ടായിരുന്ന മൊബൈലും പൊലീസ് കസ്റ്റഡിയിലെടുത്തു.രണ്ടുദിവസം മുൻപും കുറഞ്ഞ അളവിൽ കഞ്ചാവ് കടത്തുകയായിരുന്ന ഒരാളെ പിടികൂടിയിരുന്നു. പരിശോധന ശക്തിപ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ബി. സുരേഷ് അറിയിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ റേഞ്ച് ഓഫീസിൽ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വി. റോബർട്ട് അറിയിച്ചു.